കമ്യൂണിസ്​റ്റല്ലെങ്കിലും കുഞ്ഞാലിയുടെ പടം മനസ്സിലും ചുമരിലും സൂക്ഷിച്ച് പാറശ്ശേരിയിലെ കാരണവർ

കാളികാവ്: കിഴക്കനേറനാട്ടിലെ വിപ്ലവകാരി സഖാവ് കുഞ്ഞാലി ഓർമയായിട്ട് 48 വർഷം പിന്നിടുമ്പോഴും പഴയ സൗഹൃദത്തി​െൻറ ഓർമകൾ വിടാതെ നെടുങ്ങാടി. അടക്കാകുണ്ട് പാറശ്ശേരിയിലെ കാരണവരായ ഉണ്ണികൃഷ്ണൻ നെടുങ്ങാടിയുടെ സ്മരണയിലാണ് നാലര ദശകം പിന്നിട്ടിട്ടും സഖാവ് കുഞ്ഞാലിയുടെ സ്നേഹവായ്പും ചങ്കൂറ്റവും ഒളി മങ്ങാതെ നിൽക്കുന്നത്. അപാര തേൻറടിയായിരുന്നു താൻ അറിയുന്ന കുഞ്ഞാലിയെന്ന് നെടുങ്ങാടി പറയുന്നു. ഒരിക്കൽ നിലമ്പൂരിലേക്കുള്ള ബസ് യാത്രക്കിടെ മങ്കുണ്ടിൽ പുഴയിൽ വെള്ളം മൂടിയപ്പോൾ റോഡ് വെള്ളത്തിനടിയിലായി. തുടർന്ന് യാത്രക്കാരോട് കണ്ടക്ടർ ഇറങ്ങി അപ്പുറത്തേക്ക് നടക്കാൻ പറഞ്ഞു. യാത്രക്കാരിലെ ഗർഭിണിയായ സ്ത്രീയോടും കണ്ടക്ടർ ഇറങ്ങാൻ പറഞ്ഞു. മറ്റ് യാത്രക്കാർ നിശ്ശബ്ദത പാലിച്ചപ്പോൾ കുഞ്ഞാലി സ്ത്രീയെ ഇറക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ കരുണയില്ലാത്ത കണ്ടക്ടർ കുഞ്ഞാലിയുടെ അഭ്യർഥന നിരസിച്ചു. പിന്നീടുണ്ടായ കശപിശക്കിടെ കണ്ടക്ടറെ സഖാവ് കരണക്കുറ്റിക്ക് അടിച്ച സംഭവം നെടുങ്ങാടി ഓർക്കുന്നു. അതോടെ സർവിസ് അവസാനിപ്പിച്ച് കുഞ്ഞാലിയോടും യാത്രക്കാരോടും അരിശം തീർക്കുകയായിരുന്നു ബസ് ജീവനക്കാർ. ട്രെയിൻ യാത്രക്കിടെ ഒരു വയോധികനു വേണ്ടി സഖാവ് കുഞ്ഞാലി ടി.ടി.ആറുമായി വഴക്കിട്ടതും നെടുങ്ങാടി ഓർത്തെടുത്തു. മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ബസിൽ നിന്ന് ഓടിയെത്തിയാണ് കുഞ്ഞാലിയും വയോധികനും ട്രെയിൻ കയറിയത്. കുഞ്ഞാലി നിലമ്പൂരിലേക്ക് ടിക്കറ്റെടുത്തു. എന്നാൽ വയോധികന് ടിക്കറ്റെടുക്കാൻ സാധിച്ചില്ല. ട്രെയിനിലേക്ക് ഓടിക്കയറിയ വയോധികനോട് ടി.ടി.ആർ ടിക്കറ്റ് ചോദിച്ചു. ടിക്കറ്റെടുക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞെങ്കിലും ടി.ടി.ആർ സമ്മതിച്ചില്ല. യാത്രക്കാരാരും വയോധികന് വേണ്ടി സംസാരിക്കാൻ തയാറായില്ലെങ്കിലും സഖാവ് കുഞ്ഞാലി ഇടപെട്ടു. വഴങ്ങാൻ തയാറാകാത്ത ടി.ടി.ആറുമായി കൈയാങ്കളിയുടെ വക്കത്തെത്തിയതും നെടുങ്ങാടിയുടെ ഓർമയിലുണ്ട്. കുഞ്ഞാലിയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തി​െൻറ രാഷ്ട്രീയവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്ന് നെടുങ്ങാടി പറഞ്ഞു. ഒരു ക്രിമിനൽ കേസിൽ കുഞ്ഞാലിക്കു വേണ്ടി സാക്ഷി പറഞ്ഞതും ഇരുവരും തമ്മിലെ അടുപ്പത്തിന് കാരണമായി. അടക്കാകുണ്ടിലെ എ.പി. ബാപ്പു ഹാജിയുമായി ഉണ്ടായിരുന്ന ബന്ധമാണ് നെടുങ്ങാടിയെയും കുഞ്ഞാലിയെയും സുഹൃത്തുക്കളാക്കിയത്. ജന്മം കൊണ്ട് കൊണ്ടോട്ടിക്കാരായിരുന്നുവെങ്കിലും പിന്നീട് കുഞ്ഞാലിയുടെ പ്രവർത്തന മണ്ഡലം കാളികാവ് കേന്ദ്രീകരിച്ചായിരുന്നു. കുഞ്ഞാലിയുടെ ഓർമകൾ സൂക്ഷിക്കാൻ ഇപ്പോഴും അദ്ദേഹത്തി​െൻറ ഫോട്ടോ നെടുങ്ങാടി പൂമുഖത്തെ ചുമരിൽ സൂക്ഷിച്ചിട്ടുണ്ട്. 1969 ജൂലൈ 28നാണ് കുഞ്ഞാലി ചുള്ളിയോട് വെച്ച് രാഷ്ട്രീയ എതിരാളികളുടെ തോക്കിനിരയാവുന്നത്. വെടിയേറ്റ് പരിേക്കറ്റ കുഞ്ഞാലി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കുഞ്ഞാലിയുടെ രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിലും 48 വർഷത്തിന് ശേഷവും നെടുങ്ങാടിയുടെ മനസ്സിൽ സഖാവ് നിറഞ്ഞ് നിൽക്കുകയാണ്. പടം.. അടക്കാകുണ്ട് പാറശ്ശേരിയിലെ ഉണ്ണികൃഷ്ണൻ നെടുങ്ങാടി സഖാവ് കുഞ്ഞാലിയുടെ ഫോട്ടോയുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.