സെപ്റ്റംബർ ഒന്നുമുതൽ പാലക്കാട് നഗരസഭയിൽ പ്ലാസ്​റ്റിക്​ നിരോധിക്കും

മാലിന്യ സംസ്കരണ ഉപാധികൾ പരിചയപ്പെടുത്തുന്ന വിപണനമേള ടൗൺഹാളിൽ നാളെ തുടങ്ങും പാലക്കാട്: നഗരസഭയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭരണസമിതി നടപ്പാക്കുന്ന മാലിന്യമുക്ത സ്വച്ഛ ഹരിത നഗരം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ ഒന്നുമുതൽ നഗരസഭയിൽ എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക് കാരിബാഗുകളും നിരോധിക്കുമെന്ന് ചെയർപേഴ്സൻ പ്രമീള ശശിധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കാൻ നിർദേശം നൽകും. സ്പോൺസർഷിപ് സഹായത്തോടെ ഓരോ വീട്ടിലും തുണിസഞ്ചികൾ വിതരണം ചെയ്യും. പുതുതായി 50 ഗ്രീൻ സ്ക്വയറുകൾ കൂടി പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. സമീപ പഞ്ചായത്തുകളിൽനിന്ന് നഗരസഭ പരിധിയിലേക്ക് മാലിന്യം കൊണ്ടുവരുന്നത് തടയാൻ സി.സി.ടി.വി സ്ഥാപിക്കുകയും സ്ക്വാഡുകൾ ശക്തിപ്പെടുത്തുകയും ചെയ്യും. ഖരമാലിന്യ പ്ലാൻറിൽ സുരക്ഷ ശക്തമാക്കും. ഉറവിട മാലിന്യ സംസ്കരണത്തിന് കഴിയാത്തവർക്ക് തുമ്പൂർമുഴി മോഡൽ എയ്റോബിക് ജൈവമാലിന്യ കേന്ദ്രം ഒരുക്കും. കൃത്യമായി വേർതിരിക്കപ്പെട്ട മാലിന്യം നേരത്തെ നിശ്ചയിച്ച ദിവസങ്ങളിൽ മാത്രമേ എയ്റോബിക് കേന്ദ്രങ്ങളിൽ സംസ്കരിക്കാൻ സ്വീകരിക്കുകയുള്ളൂ. ജൈവമാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കാൻ ആറു ഡിവിഷനുകളിൽ സ്ഥലം കണ്ടെത്തി. ഒന്നാം ഡിവിഷനിൽ സുന്ദരം കോളനിയിലും രണ്ടാം ഡിവിഷനിൽ ബി.ഒ.സി റോഡിൽ നിലവിലെ മാലിന്യ േശഖരിക്കുന്ന സ്ഥലം, ഡിവിഷൻ മൂന്നിൽ ചക്കാന്തറ ചിന്മയ നഗർ, ഡിവിഷൻ നാലിൽ വിത്തുള്ളിയിലെ മാലിന്യ കേന്ദ്രത്തിന് സമീപം, ഡിവിഷൻ അഞ്ചിൽ സ്റ്റേഡിയം ഗ്രൗണ്ട് പരിസരം, ഡിവിഷൻ ആറിൽ ജില്ല വെറ്ററിനറി ആശുപത്രിക്ക് സമീപവുമാണ് മാലിന്യ കേന്ദ്രം സ്ഥാപിക്കുക. പാലക്കാട് ടൗൺഹാളിൽ മാലിന്യ സംസ്കരണ ഉപാധികൾ പരിചയപ്പെടുത്തുന്ന രണ്ട് ദിവസം നീളുന്ന വിപണനമേളക്ക് ബുധനാഴ്ച തുടക്കമാകും. സെപ്റ്റംബർ ഒന്നുമുതലാണ് മാലിന്യമുക്ത സ്വച്ഛ ഹരിത നഗരം പദ്ധതി നടപ്പാക്കുക. ഇതി‍​െൻറ ഭാഗമായി അന്നേ ദിവസം മുതൽ നഗരസഭ പരിധിയിലെ വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നത് നിർത്തലാക്കും. ജനത്തെ ബോധവത്കരിക്കാനും പങ്കാളിത്തം ഉറപ്പുവരുത്താനും ഫ്ലാറ്റ്, റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഹെൽത്ത് ഇൻസ്പെക്ടർമാർ വിളിച്ചു ചേർത്തിട്ടുണ്ട്. പദ്ധതിയുടെ വിജയത്തിനും ബോധവത്കരണത്തിനുമായി ലഘുലേഖകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. 25,000 രൂപ പിഴയും ആറുമാസം തടവും അടക്കമുള്ള ശിക്ഷകളാണ് നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.