പ്രഫ. യു.ആർ. റാവു: ഇന്ത്യൻ ബഹിരാകാശ കുതിപ്പിനു​ പിന്നിലെ കരുത്ത്​

* രാജ്യത്തി​െൻറ വാർത്താവിനിമയരംഗം പുതുക്കിപ്പണിതു ബംഗളൂരു: ബഹിരാകാശരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയ പ്രമുഖ ശാസ്ത്രജ്ഞനാണ് യു.ആർ. റാവു. രാജ്യത്തി​െൻറ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതൽ ചൊവ്വാദൗത്യം വരെയുള്ള പദ്ധതികളിൽ നിർണായക ബുദ്ധികേന്ദ്രമായി അദ്ദേഹമുണ്ടായിരുന്നു. ഐ.എസ്.ആർ.ഒ‍യിൽനിന്ന് വിരമിച്ചെങ്കിലും നിർണായക സമയങ്ങളിൽ നിർദേശങ്ങൾ നൽകിയും യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിച്ചും കളത്തിൽ നിറഞ്ഞുനിന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തി​െൻറ വിയോഗം ബഹിരാകാശ മേഖലക്ക് ഒരിക്കലും നികത്താനാകില്ല. ലക്ഷ്മിനാരായണ ആചാര്യ, കൃഷ്ണവേണി അമ്മ എന്നിവരുടെ മകനായി കർണാടകയിലെ ഉഡുപ്പി തീരദേശ ജില്ലയിലെ അദമരുവിൽ 1932 മാർച്ച് 10നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം ഉഡുപ്പിയിലായിരുന്നു. െബല്ലാരി, അനന്ത്പുർ എന്നിവിടങ്ങളിൽ ഉന്നതപഠനം. ഇന്ത്യൻ ബഹിരാകാശ പിതാവായ ഡോ. വിക്രം സാരാഭായിയുടെ ശിക്ഷണത്തിൽ അഹ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ പിഎച്ച്.ഡി. തുടർന്ന് മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) ഫാക്കൽറ്റി അംഗവും ഡാളസിലെ ടെക്സസ് യൂനിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറുമായി പ്രവർത്തിച്ചു. വിക്രം സാരാഭായിയുടെ നിർദേശപ്രകാരം 1966ൽ രാജ്യത്തേക്ക് മടങ്ങി. അഹ്മദാബാദിൽ സാരാഭായിയോടൊപ്പം ഗവേഷണങ്ങൾ തുടർന്നു. 1972ൽ സ്വന്തമായി ഉപഗ്രഹ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ശാസ്ത്ര ഉപഗ്രഹ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റു. അങ്ങനെ രാജ്യത്തി​െൻറ ആദ്യ ഉപഗ്രഹമായ ആര്യഭട്ട യാഥാർഥ്യമായി. പിന്നീടങ്ങോട് 18 ഉപഗ്രഹങ്ങളുടെ രൂപകൽപനയിലും വിക്ഷേപണത്തിലും നിർണായക പങ്കുവഹിച്ചു. 1984 മുതൽ 1994 വരെ നീണ്ട 10 വർഷക്കാലം ഐ.എസ്.ആർ.ഒ ചെയർമാനായി പ്രവർത്തിച്ചു. 2016 മേയിൽ ഇൻറർനാഷനൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷ​െൻറ (ഐ.എ.എഫ്) ഹാൾ ഓഫ് ഫെയിം അവാർഡ് നേടി. ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ആൻട്രിക്സ് കോർപറേഷ​െൻറ ആദ്യ ചെയർമാനായിരുന്നു. 350ഓളം ശാസ്ത്രസാങ്കേതികപ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരായ എം.ജി.കെ. മേനോൻ, സതീഷ് ധവാൻ, വിക്രം സാരാഭായി എന്നിവരോടൊപ്പം നിർണായക ദൗത്യങ്ങളിൽ പങ്കുവഹിച്ചു. വിവരസാങ്കേതികരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇൻസാറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് റാവു ഐ.എസ്.ആർ.ഒയുടെ തലപ്പത്തിരിക്കെയാണ്. ലോകത്തിലെ 25 സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. അഹ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറി കൗൺസിൽ ചെയർമാനായും തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി​െൻറ ചാൻസലറായും പ്രവർത്തിക്കുന്നതിനിടെയാണ് മരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.