പട്ടികവർഗ വിഭാഗത്തിനായി 51 പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി

നടപ്പാക്കൽ വകുപ്പും തദ്ദേശസ്ഥാപനങ്ങളും യോജിച്ച് മഞ്ചേരി: ആരോഗ്യപരമായി പിന്നിൽ നിൽക്കുന്ന 51 ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കുന്നു. മാതൃശിശുമരണ നിരക്ക് കൂടുതലുള്ളവ, ഉൾവനങ്ങളിൽ താമസിക്കുന്നവരുള്ളവ, മതിയായ ആരോഗ്യകേന്ദ്രങ്ങളില്ലാത്തവ തുടങ്ങിയവ പരിഗണിച്ചാണ് സംസ്ഥാനത്തെ 51 പഞ്ചായത്തുകളെ തെരഞ്ഞെടുത്തത്. ഇവിടങ്ങളിൽ പട്ടികവർഗ വകുപ്പി​െൻറയും തദ്ദേശസ്ഥാപനങ്ങളുടെയും ക്ഷേമപദ്ധതികൾ യോജിച്ച് നടപ്പാക്കും. പഞ്ചായത്തുകൾ ഏതെല്ലാമാണെന്ന് പട്ടികവർഗ വകുപ്പ് അതത് തദ്ദേശസ്ഥാപനങ്ങളെ അറിയിക്കും. സാമൂഹികനീതി വകുപ്പടക്കമുള്ള വിവിധ വകുപ്പുകളും ഏജൻസികളും പിന്തുണയുമായുണ്ടാകും. നിലവിൽ പട്ടികവർഗ വികസനവകുപ്പും തദ്ദേശസ്ഥാപനങ്ങളും വിവിധ ആദിവാസിക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പും രംഗത്തുണ്ട്. എന്നാൽ, ഏകോപനമില്ല. പോരായ്മ പരിഹരിക്കാൻ ബജറ്റ് വിഹിതമോ ഫണ്ടോ കണ്ടെത്താൻ ശ്രമവും കുറവാണ്. കോളനികളിലല്ലാതെ ഗോത്രവർഗ കുടുംബങ്ങൾ ഒറ്റപ്പെട്ട് താമസിക്കുന്നതിനാൽ ഏകീകൃത സ്വഭാവത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്കോ ആനുകൂല്യങ്ങളോ ഇവരെ പരിഗണിക്കാനാവുന്നില്ല. അതിനാൽ ഇത്തരം കുടുംബങ്ങളുടെ സർവേ നടത്തി അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്താനും പട്ടികവർഗ വികസനവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രവർത്തിക്കും. വകുപ്പാണിതിന് മുൻകൈയെടുക്കേണ്ടതെന്നും തദ്ദേശസ്ഥാപനങ്ങൾ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ കോ ഒാഡിനേഷൻ സമിതിയിൽ തീരുമാനമായിട്ടുണ്ട്. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.