വേനല്‍ കനത്തതോടെ ഉണക്കപുല്ലിലൂടെ വ്യാപകമായി തീ പടരുന്നു

പട്ടിക്കാട്: പെരിന്തല്‍മണ്ണ താഴെ പൂപ്പലം മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റിന് സമീപം വീണ്ടും വന്‍ തീപിടിത്തം. ഏക്കര്‍ കണക്കിന് പ്രദേശത്ത് തീ പടര്‍ന്നതോടെ റബര്‍ മരങ്ങളടക്കം കാര്‍ഷിക വിളകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ കുന്നിന്‍മുകളില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതേസമയം തൊട്ടടുത്ത ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതക്ക് സമീപത്തും പുല്‍ക്കാടിന് തീപിടിച്ചു. മത്സ്യമാര്‍ക്കറ്റിന് മുന്‍ഭാഗത്തെ കുന്നില്‍ ഉണങ്ങിയ പുല്‍ക്കാടിന് തീപിടിച്ചതോടെ സമീപത്തെ റബര്‍ തോട്ടത്തിലേക്കും പടരുകയായിരുന്നു. സജി ടി. ജോണ്‍ എന്ന കര്‍ഷകന്‍െറ നാലേക്കര്‍ ഭൂമിയിലെ 800 റബര്‍ മരങ്ങളാണ് നശിച്ചത്. റബര്‍ തോട്ടത്തിലേക്ക് പടരാതിരിക്കാന്‍ സമീപത്തെ പുല്‍ക്കാട് നീക്കം ചെയ്തെങ്കിലും ഫലം കണ്ടില്ല. സമീപതോട്ടങ്ങളിലേതടക്കം ആയിരത്തിലേറെ റബര്‍ മരങ്ങള്‍ നശിച്ചതായി കണക്കാക്കുന്നു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയോരത്ത് സൂക്ഷിച്ചിരുന്ന മീന്‍ പെട്ടികള്‍ മാറ്റിയതിനാല്‍ മറ്റു നാശനഷ്ടങ്ങളുണ്ടായില്ല. അഗ്നിശമനസേന തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. രാത്രി വൈകിയും തീ നിയന്ത്രണ വിധേയമായിട്ടില്ല. അതേസമയം, കരുവമ്പാറയിലെ വയലിലും തീപിടിത്തമുണ്ടായി. വാഴകൃഷി നശിച്ചു. കഴിഞ്ഞയാഴ്ചയും മത്സ്യമാര്‍ക്കറ്റിന് സമീപത്ത് വന്‍ അഗ്നിബാധയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.