20 കോടിക്ക് വീണ്ടും ആവശ്യക്കാര്‍

മലപ്പുറം: ജില്ലയുടെ റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍നിന്ന് 20 കോടി പത്തനംതിട്ടക്ക് നല്‍കാന്‍ വീണ്ടും ആവശ്യം. നേരത്തേ ഇതേ ആവശ്യം ഉയര്‍ന്നപ്പോള്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനിടെ കഴിഞ്ഞ സെപ്റ്റംബറില്‍ റവന്യൂ വകുപ്പിന്‍െറ ഡി.ഒയും (അര്‍ധ ഒൗദ്യോഗികം) നവംബറില്‍ സര്‍ക്കാറും പണം ആവശ്യപ്പെട്ട് കത്തയച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് ഈ വിഷയത്തില്‍ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നെങ്കിലും ഇ. അഹമ്മദ് എം.പിയുടെ മരണത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. റിവര്‍ മാനേജ്മെന്‍റ് ഫണ്ടുപയോഗിച്ച് പുഴകളുടെ സംരക്ഷണത്തിനും മറ്റുമായി 45 കോടിയുടെ പദ്ധതികള്‍ ജില്ലയില്‍ അനുമതി കാത്തിരിക്കുമ്പോഴാണ് 20 കോടി നല്‍കാന്‍ ആവശ്യം. 54 കോടിയാണ് നിലവില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ടിലുള്ളത്. സംസ്ഥാനത്ത് ഒമ്പത് പാലങ്ങള്‍ നിര്‍മിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍നിന്ന് 20 കോടി നല്‍കാന്‍ 2015 ഡിസംബറില്‍ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പാലം നിര്‍മാണത്തിന്‍െറ മേല്‍നോട്ടം വഹിക്കുന്ന പത്തനംതിട്ട നിര്‍മിതി കേന്ദ്രക്ക് പണം കൈമാറാനായിരുന്നു നിര്‍ദേശം. ജില്ലയില്‍ വിവിധ പദ്ധതികള്‍ക്ക് പണം ആവശ്യമായിരിക്കെ പത്തനംതിട്ടക്ക് പണം കൈമാറുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു. എം.എല്‍.എമാരും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തത്തെി. ജില്ലയിലെ പുഴകളില്‍നിന്ന് മണല്‍ വാരി സംഭരിച്ച പണം ഇവിടത്തെ പുഴ സംരക്ഷണത്തിനായി ഉപയോഗിക്കണം എന്നായിരുന്നു ആവശ്യം. ഉത്തരവ് പാലിക്കാന്‍ ബാധ്യതയുള്ളതിനാല്‍ കലക്ടര്‍ 20 കോടിയുടെ ചെക്ക് പത്തനംതിട്ട നിര്‍മിതികേന്ദ്രക്ക് കൈമാറിയെങ്കിലും നിയമപ്രശ്നങ്ങള്‍മൂലം തിരിച്ചയച്ചു. ഇത് ഉപയോഗിച്ച് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് വീണ്ടും ആവശ്യം. പുഴകളുടെ സംരക്ഷണത്തിനായി ആസൂത്രണം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ പദ്ധതി സര്‍ക്കാര്‍ അംഗീകാരം കാത്തിരിക്കുകയാണ്. ഇത് നടപ്പാക്കാന്‍തന്നെ ആറര കോടി വേണം. മലപ്പുറം ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്ത് ഒമ്പത് പാലങ്ങള്‍ നിര്‍മിക്കാനാണ് ജില്ലയില്‍നിന്ന് 20 കോടി ആവശ്യപ്പെട്ടത്. കൊല്ലം-എട്ട് കോടി, തൃശൂര്‍-അഞ്ച് കോടി, എറണാകുളം-അഞ്ച് കോടി എന്നിവ ഉള്‍പ്പെടെ 34 കോടി കണ്ടത്തൊനാണ് ശ്രമം. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ജില്ലയുടെ 20 കോടി മറ്റു ജില്ലകളിലേക്ക് പോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.