otp pkdlive2

ഫിലിം സിറ്റിയെന്ന ആശയം മുളപൊട്ടുന്നു ഒരു സിനിമയുടെ ചിത്രീകരണം കഴിയാൻ മറ്റുസിനിമക്കാർ കാത്തുനിൽക്കുന്ന അവസ്ഥ വന്നതോടെയാണ് ഒറ്റപ്പാലത്തൊരു ഫിലിം സിറ്റിയെന്ന ആശയം മുളപൊട്ടുന്നത്. മുൻ എം.എൽ.എ എം. ഹംസ മുൻകൈയെടുത്ത് നടത്തിയ ശ്രമങ്ങൾക്ക് പ്രധാനതടസ്സമായത് സ്ഥലപരിമിതിതന്നെയായിരുന്നു. ജലവിഭവ വകുപ്പി‍​െൻറ അധീനതയിലുള്ള കണ്ണിയംപുറത്തെ കാഞ്ഞിരപ്പുഴ ഇറിഗേഷൻ ആസ്ഥാനത്തെ 3.03 ഏക്കർ ഫിലിം സിറ്റിക്കായി വിട്ടുകിട്ടിയതോടെയാണ് പദ്ധതിക്ക് ചിറകുമുളച്ചത്. 2011ലെ സംസ്ഥാന ബജറ്റിൽ അരക്കോടി രൂപ ഫിലിം സിറ്റി നിർമാണത്തിനായി വകയിരുത്തിയതും ആശക്ക് വകനൽകി. സിനിമ മന്ത്രിയായിരുന്ന ചലച്ചിത്രതാരം കെ.ബി. ഗണേഷ്‌കുമാർ ഇക്കാലയളവിൽ സ്ഥലം സന്ദർശിച്ചതോടെ ഫിലിം സിറ്റി നിർമാണത്തിന് വേഗതയേറുമെന്നാണ് പ്രതീക്ഷിച്ചത്. മന്ത്രിയുടെ ഭാഗത്തുനിന്ന് അന്നുണ്ടായ പ്രതികരണം ഈ പ്രതീക്ഷക്ക് ആക്കം കൂട്ടി. ആറു മാസത്തിനകം ആദ്യഘട്ട നിർമാണം തുടങ്ങുമെന്ന ഉറപ്പ് നൽകിയാണ് അന്ന് മന്ത്രി മടങ്ങിയത്. എന്നാൽ, പ്രഖ്യാപനത്തിനപ്പുറം കാര്യങ്ങൾ നീങ്ങിയില്ല. നിദ്ര പൂണ്ട പദ്ധതിയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ 2015 ഫെബ്രുവരി 14ന് ചലച്ചിത്ര വികസന കോർപറേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇവിടെ ഒരു ശിൽപശാല സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതുൾെപ്പടെയുള്ള ഭാവിപരിപാടികൾ തീരുമാനിക്കാനായിരുന്നു പദ്ധതി. എന്നാൽ, പൊടുന്നനെ പ്രഖ്യാപിച്ച ഹർത്താൽ വില്ലനായി. പദ്ധതിക്ക് പുതുജീവൻ മുൻ എം.എൽ.എ എം. ഹംസയുടെ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ ഫിലിം സിറ്റിയെ പെട്ടിയിൽനിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിന് തുടക്കമായത് 2015 ജൂൺ 25ന് കേരള സ്റ്റേറ്റ് ഫിലിം െഡവലപ്മ​െൻറ് കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) അധികൃതരുടെ വരവോടെയാണ്. കെ.എസ്.എഫ്.ഡി.സി ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ, മാനേജിങ് ഡയറക്ടർ ദീപ ഡി. നായർ, സംവിധായകൻ ഐ.വി. ശശി, എം. ഹംസ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പദ്ധതിക്കാവശ്യമായ ചർച്ചകൾ നടത്തുകയും നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ആഗസ്റ്റിൽ ശിലയിടൽ നടത്തുമെന്ന് അറിയിച്ചാണ് ഇവർ മടങ്ങിയത്. ഇതി‍​െൻറ അടിസ്ഥാനത്തിൽ ചലച്ചിത്ര വികസന കോർപറേഷൻ ഐ.വി. ശശിയുടെ നേതൃത്വത്തിൽ 17.5 കോടിയുടെ പദ്ധതി തയാറാക്കി ചലച്ചിത്ര വകുപ്പിന് സമർപ്പിച്ചിരുന്നു. യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഫിലിം സിറ്റിക്ക് ഒരു കോടി രൂപയും പിന്നീട് വകയിരുത്തി. ആദ്യഘട്ടത്തിൽ 7.70 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ നടത്താനായിരുന്നു തീരുമാനം. തിയറ്റർ കോംപ്ലക്സ്, എ.സി ഷൂട്ടിങ് ഫ്ലോർ, ഔട്ട്ഡോർ യൂനിറ്റ്, എഡിറ്റിങ് സ്യൂട്ട്, റെക്കോർഡിങ് സ്റ്റുഡിയോ, ലാൻഡ്‌സ്‌കേപ്, റോഡ്, യാർഡ് എന്നിവ നിർമിക്കാനും നിലവിലെ കെട്ടിടങ്ങൾ പാർപ്പിടമാക്കാനും കാൻറീനും ചുറ്റുമതിലുമൊരുക്കാനുമാണ് ആദ്യഘട്ട നിർമാണം ലക്ഷ്യമിട്ടത്. ഒന്നാംഘട്ടം പൂർത്തിയായാൽ 2.66 കോടി രൂപ വരവും 75.28 ലക്ഷം ചെലവും അറ്റാദായം 1.91 കോടിയും നേടാനാകുമെന്നും കണക്കാക്കിയിരുന്നു. കേരളത്തിലെ പ്രചാരത്തിലുള്ളതും മൺമറഞ്ഞതുമായ സകല കലാരൂപങ്ങളും കലാകാരന്മാരും ഒറ്റപ്പാലത്തി‍​െൻറ ചുറ്റുവട്ടങ്ങളിൽ അനായാസേന ലഭ്യമാകുന്നത് സിനിമക്ക് ഗുണം ചെയ്യുമെന്നും കണക്കുകൂട്ടിയിരുന്നു. കഥകളി, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങി തിരശ്ശീലയുടെ പിന്നിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന ഇനങ്ങളുടെ വരെ അവതാരകർ വള്ളുവനാടി‍​െൻറ സിരാകേന്ദ്രങ്ങളിൽ ഇന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.