നിലമ്പൂരിൽ 36 ഹെക്ടർ ഭൂമി കൈയേറ്റം; ഒഴിപ്പിക്കാൻ നടപടിയെടുക്കാതെ നഗരസഭ

-------------------നിലമ്പൂർ: നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിലുള്ള കൈയേറ്റം ഒഴിപ്പിക്കാനാവാതെ ഭരണസമിതി. 36 ഹെക്ടറിലധികം ഭൂമിയിൽ കൈയേറ്റമുണ്ടെന്നാണ് വില്ലേജ് രേഖകൾ പറയുന്നത്. ചാലിയാർ തീരം, ചന്തക്കുന്ന് വലിയതോട്, പാത്തിപ്പാറ, ഏനാന്തി, താഴെ ചന്തക്കുന്ന്, കരിമ്പുഴ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ കൈയേറ്റമുള്ളത്. 2000 മുതൽ തുടർഭരണം നടത്തുന്ന യു.ഡി.എഫ് ഭരണസമിതികൾ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിലവിലെ ഭരണസമിതിയുടെ പ്രഥമ ബോർഡ് യോഗത്തിൽ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചു പിടിക്കാൻ തീരുമാനിച്ചിരുന്നു. ചെയർപേഴ്സൺ ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾ ചന്തക്കുന്ന് വലിയതോടിലെ കൈയേറ്റം ഒഴിപ്പിക്കാൻ സ്ഥലത്തെത്തിയെങ്കിലും എതിർപ്പിനെ തുടർന്ന് മടങ്ങി. വില്ലേജ് അധികൃതരുടെ സഹായത്തോടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കാനുള്ള തീരുമാനമെടുത്താണ് അന്ന് മടങ്ങിയത്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും ബോർഡ് തീരുമാനം നടപ്പിലാക്കാനോ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാനോ നടപടിയില്ല. റവന‍്യൂ വകുപ്പി‍​െൻറ സഹകരണമില്ലായ്മയാണ് കൈയേറ്റം ഒഴിപ്പിക്കാൻ കഴിയാത്തതിന് കാരണമെന്നാണ് ഭരണസമിതിയുടെ വാദം. കൈയേറ്റ ഭൂമിയിൽ മിക്കതും നഗരമധ്യത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ്. മൂന്ന് ഏക്കർ വരെ കൈയേറിയവരുമുണ്ട്. നഗരസഭ ഭരണത്തിൽ സ്വാധീനമുള്ള ചില നേതാക്കളുടെ ഇടപെടലാണ് കൈയേറ്റം ഒഴിപ്പിക്കുന്ന കാര‍്യത്തിൽനിന്ന് നഗരസഭ പിൻമാറാൻ കാരണമെന്നാണ് സൂചന. സ്വന്തമായി ഭൂമിയില്ലാെത കുടുംബങ്ങൾ നഗരസഭയുടെ മുതുകാടുള്ള സ്ഥലത്ത് കുടിൽകെട്ടി താമസമാക്കിയെങ്കിലും ഇവരെ നഗരസഭ ദിവസങ്ങൾക്കകം ഒഴിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ വൻകിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര‍്യത്തിൽ നഗരസഭ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.