അനധികൃത കെട്ടിടത്തിന് നഗരസഭ നമ്പർ നൽകി; പ്രതിഷേധം കൊഴുക്കുന്നു

തിരൂരങ്ങാടി: വയൽ നികത്തി അനധികൃതമായി ചെമ്മാട് മാനിപ്പാടത്തു നിർമിച്ച ഓഡിറ്റോറിയത്തിന് തിരൂരങ്ങാടി നഗരസഭ കെട്ടിടനമ്പർ നൽകിയത് വീണ്ടും വിവാദത്തിലേക്ക്. 70 സ​െൻറ് മാത്രം വയൽ നികത്താനുള്ള അംഗീകാരത്തി​െൻറ മറവിൽ ഒന്നര ഏക്കറോളം സ്ഥലം നികത്തിയെന്നായിരുന്നു പരാതി. വയൽ നികത്തി ഓഡിറ്റോറിയം നിർമിച്ചതിനെതിരെ കോൺഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ്, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെട്ടിടത്തിന് നമ്പർ ആവശ്യപ്പെട്ട് ഉടമകൾ നഗരസഭയെ സമീപിച്ചെങ്കിലും അഗ്നിശമന സംവിധാനം ഇല്ലെന്ന കാരണത്താൽ നമ്പർ നൽകിയിരുന്നില്ല. പിന്നീട് പ്രശ്നം പരിഹരിച്ച് സമീപിച്ചതിനാലാണ് കഴിഞ്ഞദിവസം നമ്പർ നൽകിയത്. സി.പി.എം അനുഭാവിയുടെ ഉടമസ്ഥതയിലുള്ള ഈ ഓഡിറ്റോറിയം നിർമാണം തുടക്കത്തിൽത്തന്നെ ഏറെ വിവാദമായിരുന്നു. അനുവദിച്ചതിലധികം വയൽ നികത്തിയെന്നും രേഖകളിൽ കൃത്രിമം കാണിച്ച് നിർമാണാനുമതി നേടിയെന്നും ആക്ഷേപമുണ്ടായിരുന്നു. നമ്പർ നൽകാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വിജിലൻസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. കെട്ടിടത്തിന് നമ്പർ നൽകരുതെന്ന് റവന്യൂ അധികൃതരും നിർദേശം നൽകിയിരുന്നതായാണ് അറിയുന്നത്. നമ്പർ നൽകിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് തിരൂരങ്ങാടി നഗരസഭ സെക്രട്ടറി യു.കെ. മുസ്തഫ മാസ്റ്റർ പറഞ്ഞു. അതേസമയം, കെട്ടിടത്തിന് നമ്പർ നൽകിയത് നിയമാനുസൃതമാണെന്ന് നഗരസഭ സെക്രട്ടറി എസ്. ജയകുമാർ പറഞ്ഞു. നമ്പർ നൽകിയതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പള്ളിപ്പടി, ചെമ്മാട് യൂനിറ്റ് ശനിയാഴ്ച മുനിസിപ്പൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.