മാസങ്ങളായിട്ടും സംഭരിച്ച നെല്ലി​െൻറ പണം ലഭിച്ചില്ല

പൊന്നാനി കോൾ കർഷകർ പ്രക്ഷോഭത്തിന് കർഷക ദിനത്തിൽ കരിദിനമാചരിക്കും ചങ്ങരംകുളം: പൊന്നാനി കോളിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ലി​െൻറ തുക മാസങ്ങളായിട്ടും ലഭിച്ചില്ലെന്ന് കർഷകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബിയ്യം മുതൽ തൃശൂർ ജില്ലയിലെ വെട്ടിക്കടവ് വരെയാണ് പൊന്നാനി കോൾ മേഖല. ഇതിലെ 55 കോൾ പടവുകളിലെ കർഷകർക്കും നെല്ലി​െൻറ തുക ലഭിച്ചിട്ടില്ല. 22.50 രൂപ നിരക്കിലാണ് സപ്ലൈകോ സംഭരിച്ചത്. നേരത്തേ ഇതേ വിലയ്ക്ക് മറ്റു മില്ലുകൾ തങ്ങളിൽനിന്ന് നെല്ല് ശേഖരിച്ചിരുന്നപ്പോൾ താമസമില്ലാതെ പണം ലഭിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ അരിക്ഷാമത്തി​െൻറ അവസ്ഥയും കൃഷിമന്ത്രിയുടെ ഉറപ്പും ആയപ്പോൾ കർഷകർ നെല്ല് സപ്ലൈകോക്ക് നൽകുകയായിരുന്നു. ബാങ്ക് വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും പലിശക്കെടുത്തുമാണ് ഭൂരിഭാഗവും കൃഷി ചെയ്തത്. 22.50 രൂപയിൽ 14.70 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാനവുമാണ് നൽകേണ്ടതെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാങ്കേതിക കാരണങ്ങളല്ല, മറിച്ച് പരിഹാരങ്ങളാണ് തങ്ങൾക്ക് വേണ്ടതെന്നും കർഷകർ പറയുന്നു. കർഷകരെ കടക്കെണിയിൽപെടുത്താനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് തയാറാകും. പ്രതിഷേധ സൂചകമായി കർഷക ദിനമായ ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും. ഉത്രാടനാളിൽ ഉപവാസമനുഷ്ഠിക്കുകയും സെപ്റ്റംബർ 17 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്യും. വാർത്തസമ്മേളനത്തിൽ പൊന്നാനി കോൾ സംരക്ഷണ സമിതി ഭാരവാഹികളായ എൻ. ആലിക്കുട്ടി ഹാജി, എം.എ. വേലായുധൻ, സി.കെ. പ്രഭാകരൻ, കെ.എ. ജയാനന്ദൻ, എൻ. സുബ്രഹ്മണ്യൻ, വി.വി. കരുണാകരൻ, വി.പി. ഉമ്മർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.