മട്ടുപ്പാവ് കൃഷിയിൽ വിജയക്കൊടി നാട്ടി അധ്യാപക ദമ്പതിമാര്‍

പൂക്കോട്ടുംപാടം: ഒഴിഞ്ഞുകിടന്ന വീടിനു മുകളില്‍ മട്ടുപ്പാവ് ജൈവ പച്ചക്കറി കൃഷി നടത്തി ആഹ്ലാദം കണ്ടെത്തുകയാണ് കൂറ്റമ്പാറയിലെ അധ്യാപക ദമ്പതിമാരായ അടുക്കത്ത് സിദ്ദീഖ് ഹസനും ഭാര്യ നുസ്രത്തും. വീടിനുമുകളില്‍ മഴമറയൊരുക്കി തിരി നന നടത്തിയാണ് ജൈവ പച്ചക്കറി കൃഷിയില്‍ ഇവർ വിജയഗാഥ രചിക്കുന്നത്‌. ഒഴിവ് സമയത്ത് കൃഷിയില്‍ സന്തോഷം കണ്ടെത്തുകയും വിഷം കലരാത്ത പച്ചക്കറികൾ ഉപയോഗിക്കുകയും ചെയ്യാമെന്ന ആശയമാണ് ഈ അധ്യാപക ദമ്പതിമാരെ മട്ടുപ്പാവ് കൃഷിയിലേക്ക് ആകര്‍ഷിച്ചത്. ആദ്യം ചെറുതായി തുടങ്ങിയ പച്ചക്കറി തോട്ടം അമരമ്പലം കൃഷിഓഫിസര്‍ ലിജു അബ്രഹാമി‍​െൻറ പിന്തുണയും നിർദേശവും കൂടി ലഭിച്ചതോടെ വിപുലമാക്കുകയായിരുന്നു. മഴമറക്ക് കൃഷിഭവ‍​െൻറ സബ്സിഡിയും കര്‍ഷക സേവനകേന്ദ്രത്തി​െൻറ സഹകരണവും ലഭിച്ചതോടെ കൃഷിരീതി ഹൈടെക്കിലേക്ക് വഴിമാറി. മണ്ണും ബോഡോമിശ്രിതങ്ങളും ചേര്‍ത്ത് തയാറാക്കിയ 100ലധികം ഗ്രോ ബാഗുകളിലാണ് പച്ചക്കറി വിത്തുകള്‍ പാകി മുളപ്പിച്ചത്. മോട്ടോര്‍ പമ്പ് ഉപയോഗിച്ചും പി.വി.സി പൈപ്പുകള്‍ ഉപയോഗിച്ചും മഴനനയായും തിരിനനയായുമാണ് തോട്ടം നനക്കുന്നത്. അതിനാല്‍ വെള്ളത്തി​െൻറ ഉപയോഗം വളരെ കുറച്ചുമാത്രം മതി. ഇപ്പോള്‍ വീടിനു മുകളിലെ ഈ കൊച്ചുതോട്ടത്തില്‍ പയര്‍, തക്കാളി, ചീര, വെണ്ട, വിവിധയിനം പച്ചമുളകുകള്‍, വെള്ളരി, കുമ്പളം, മല്ലി ചപ്പ്, പൊതിന, ഇഞ്ചി, കോവക്ക, അമര തുടങ്ങിയവയാണ് വിളവെടുക്കുന്നത്. കൂടാതെ ഫാഷന്‍ ഫ്രൂട്ട്, ചക്ക, സീതപ്പഴം, പൈനാപ്പിള്‍, പേരക്ക, റെഡ് ലേഡി പപ്പായ, റോബസ്റ്റ്, മുട്ടപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളും ഇവരുടെ തോട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്നു മക്കളും പച്ചക്കറി കൃഷിയില്‍ തൽപരരാണ്. കൂണ്‍ കൃഷിയിലും ഇവർ മികവ് തെളിയിക്കുന്നു. എടക്കര കൂണ്‍ ഗ്രാമത്തില്‍ നടന്ന ഒരു ദിവസത്തെ പരിശീലനത്തില്‍ നുസ്രത്ത് ടീച്ചര്‍ പങ്കെടുക്കുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ആദ്യം ചിപ്പി കൂണും പിന്നീട് മില്‍കി കൂണുമാണ് കൃഷിചെയ്യുന്നത്. തോട്ടത്തില്‍ വിളവെടുക്കുന്ന ജൈവ പച്ചക്കറികള്‍ വീട്ടാവശ്യത്തിനു പുറമെ അയല്‍പക്കക്കാര്‍ക്കും വിതരണം ചെയ്യുകയും ഇരുവരും പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് നല്‍കുകയാണ് പതിവ്. വിവിധ പുരസ്കാരങ്ങള്‍ നേടിയ സിദ്ദീഖ് ഹസന്‍ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ അറബിക് അധ്യാപകനും നുസ്രത്ത് കൂറ്റമ്പാറ എ.കെ.എം.എം എ.എല്‍.പി സ്കൂളിലെ അധ്യാപികയുമാണ്. വിഷരഹിത അടുക്കള എന്ന സ്വപ്നം സാക്ഷാത്കരിക്കാനായതി​െൻറ സന്തോഷത്തിലാണ് ഈ അധ്യാപക ദമ്പതികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.