കഞ്ചാവ് മൊത്ത വിതരണം: ഒരാൾ കൂടി പിടിയിൽ

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലുമായി കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്ന സംഘത്തിലെ ഒരാളെക്കൂടി കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി വെന്നിയൂർ പോസ്റ്റ് ഓഫിസിനു സമീപം താമസിക്കുന്ന നെല്ലൂർ പുത്തൻവീട്ടിൽ സംസിയാദിനെയാണ് (19) വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പിടികൂടിയ ഇയാളുടെ കൂട്ടുകാരനിൽനിന്ന് ലഭ്യമായ വിവരത്തെ തുടർന്നാണ് അറസ്റ്റ്. എടരിക്കോട് ഭാഗത്ത് ചെറുകിട കച്ചവടക്കാർക്കും വിദ്യാർഥികൾക്കും കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഒരു മാസത്തോളമായി പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് സംഘത്തിലെ രണ്ടുപേർ തൊട്ടടുത്ത ദിവസങ്ങളിൽ പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സൈസ് സംഘം ഇവരെ വലയിലാക്കിയത്. മൂന്നര കിലോ കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടുകെട്ടിയത്. സ്ഥിരമായി ആന്ധ്രയിൽനിന്നാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് ട്രെയിൽ മാർഗം എത്തിക്കുന്നത്. പിന്നീട് ആവശ്യക്കാരെ കണ്ടെത്തി മൊത്ത വിതരണം നടത്തുകയാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. എടരിക്കോട് ഗവ. യു.പി സ്‌കൂളിന് സമീപത്തുനിന്നാണ് സംഘം പിടിയിലായത്. പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ ഉദ്ദേശം ഒരു ലക്ഷം രൂപയോളം വില വരും. സംഘത്തിൽപെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരപ്പനങ്ങാടി എക്‌സൈസ് ഇൻസ്‌പെക്ടർ അൻഷാദ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സുരേന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രദീപ്കുമാർ, സമേഷ്, ഷിഞ്ചുകുമാർ, അബ്ദുസ്സമദ്, യൂസുഫലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.