ഗോഡൗണുകളിലും റേഷൻ കടകളിലും വിജിലൻസ് റെയ്ഡ്; കണ്ടെത്തിയത് വൻക്രമക്കേടുകൾ

പാലക്കാട്: ജില്ലയിലെ ദേശീയ ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലും റേഷൻകടകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻക്രമക്കേടുകൾ. ആലത്തൂർ, കുഴൽമന്ദം, കണ്ണമ്പ്രം, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, പട്ടാമ്പി, കൊപ്പം ഗോഡൗണുകളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. ജില്ലയിലെ ആറോളം റേഷൻ കടകളിലും മിന്നൽപരിശോധന നടത്തി. ഭക്ഷ്യധാന്യങ്ങളുടെ അളവിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി. ഗോഡൗണുകളിൽനിന്ന് കൊണ്ടുപോകുന്നതിൽ കുറവ് തൂക്കമാണ് രേഖപ്പെടുത്തുന്നത്. ഈയിനത്തിൽ 25 ലക്ഷം രൂപയുടെ അഴിമതി നടന്നതായും കണ്ടെത്തി. തച്ചമ്പാറയിലെ എ.ആർ.ഡി 40ാം നമ്പർ റേഷൻ കടയിൽ 10 ക്വിൻറൽ മട്ടയരിയും 58 കിലോ ഗോതമ്പും മറിച്ചു വിറ്റതിൽ 48,000 രൂപയുടെ അഴിമതിയും കണ്ടെത്തി. മിക്ക ഗോഡൗണുകളിലും സ്റ്റോക്ക് രജിസ്റ്റർ, ഇഷ്യൂ രജിസ്റ്റർ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. സംസ്ഥാന സർക്കാറി​െൻറ വാതിൽപ്പടി വിതരണവും അട്ടിമറിക്കുന്നതായി വ്യക്തമായി. ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനായി കൊണ്ടുപോകുമ്പോൾ ജീവനക്കാരൻ ഉണ്ടാകണമെന്നും ഭക്ഷ്യധാന്യം റേഷൻ കടകളിൽ എത്തിയതായി ഉറപ്പുവരുത്തി ജീവനക്കാരൻ റിപ്പോർട്ട് നൽകണമെന്നുമുള്ള വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഉന്നത ഉദ്യോഗസ്ഥർ ഗോഡൗണുകളിൽ പരിശോധന നടത്തുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. താലൂക്ക് സപ്ലൈ ഓഫിസറോ ജില്ല സപ്ലൈ ഓഫിസറോ ഗോഡൗണുകളിൽ സന്ദർശിച്ച രേഖകൾ ലഭ്യമായില്ലെന്നും കുത്തഴിഞ്ഞ അവസ്ഥയാണെന്നും വിജിലൻസ് കണ്ടെത്തി. മിക്ക റേഷൻ കടകളിലും രേഖകളിൽ ഉപഭോക്താവിന് ധാന്യം നൽകിയിട്ടുണ്ടെങ്കിലും യഥാർഥത്തിൽ നൽകിയിട്ടില്ലെന്ന് തെളിഞ്ഞതായും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.