തിരൂർ: കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറുടെ സ്വകാര്യ ബാഗിൽ നിന്ന് മദ്യക്കുപ്പികൾ പിടികൂടിയത് ഒതുക്കാൻ ഭരണപക്ഷ യൂനിയൻ തലത്തിൽ നീക്കം. ബംഗളൂരുവിൽ നിന്ന് പൊന്നാനിയിലേക്ക് വരുന്നതിനിടെ ബുധനാഴ്ച രാത്രി കൽപ്പറ്റയിലാണ് സംഭവം. ഭരണപക്ഷ യൂനിയൻ ഇടപെടലിനെ തുടർന്ന് മൂന്ന് ദിവസമായിട്ടും കണ്ടക്ടർക്കെതിരെ നടപടിയെടുക്കാതെ മടിച്ച് നിൽക്കുകയാണ് കോർപറേഷൻ. കൽപ്പറ്റയിലെ വിജിലൻസ് സ്ക്വാഡാണ് ബാഗിൽ ഒളിപ്പിച്ച രണ്ട് മദ്യക്കുപ്പികൾ കണ്ടെടുത്തത്. ഇവയിലൊന്ന് പൊട്ടിച്ച നിലയിലായിരുന്നു. അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിനെയും കബളിപ്പിച്ച് കടത്തിയ മദ്യമാണ് സ്ക്വാഡിെൻറ പിടിയിലായത്. മദ്യം പിടികൂടിയത് സംബന്ധിച്ച് സ്ക്വാഡ് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. നടപടി തടയാൻ യൂനിയൻ ഇടപെടൽ ശക്തമാണ്. പൊന്നാനിയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയും ലഭിക്കുന്നുണ്ട്. സാധാരണ ഇത്തരം സംഭവങ്ങളിൽ 24 മണിക്കൂറിനകം കോർപറേഷൻ നടപടിയെടുക്കാറുണ്ട്. നടപടി പ്രതീക്ഷിച്ച് പൊന്നാനി ഡിപ്പോ അധികൃതർ ഒരു ദിവസം ഇദ്ദേഹത്തെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. നിർദേശമൊന്നും ലഭിക്കാഞ്ഞതിനാൽ അടുത്ത ദിവസം മുതൽ ഡ്യൂട്ടിയിൽ തുടരുന്നുണ്ട്. സ്ക്വാഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച് നടപടിയെടുക്കേണ്ടത് വിജിലൻസ് വിഭാഗമാണെന്നും അത് നടപ്പാക്കാൻ മാത്രമേ ഡിപ്പോ മേധാവികൾക്ക് അധികാരമുള്ളൂവെന്നും പൊന്നാനി ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർ മയ്യപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.