വെറ്ററന്‍സ് സൗഹൃദ ഫുട്ബാള്‍ മത്സരം ‘സൗഹൃദ’ത്തില്‍ പിരിഞ്ഞു

അരീക്കോട്: സൗഹൃദം ക്ളബ് അരീക്കോട്ട് സംഘടിപ്പിച്ച വെറ്ററന്‍സ് സൗഹൃദ ഫുട്ബാള്‍ മത്സരം ആരുമാരും ഗോളടിക്കാതെ ‘സൗഹൃദ’ത്തില്‍ പിരിഞ്ഞു. സുല്ലമുസ്സലാം സയന്‍സ് കോളജ് ഗ്രൗണ്ടില്‍ ജില്ലയിലെ അഭിമാന താരങ്ങള്‍ ശനിയാഴ്ചയുടെ സായാഹ്നത്തെ പുളകം കൊള്ളിച്ചു. അരീക്കോട്ടുകാരായ താരങ്ങള്‍ ഒരുവശത്തും ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ളവര്‍ മറുവശത്തും നിരന്ന് കളിച്ചു. സംസ്ഥാന ദേശീയ താരങ്ങളും ഇരു ടീമിലുമുണ്ടായിരുന്നു. നീല ജഴ്സിയില്‍ ജില്ലാ വെറ്ററന്‍സും മഞ്ഞയില്‍ അരീക്കോടും പഴയ കളിയെടുത്ത് ഗ്രൗണ്ടിനെ ധന്യമാക്കി. മണ്ണിലിറങ്ങിയ ജില്ലാ താരങ്ങളെ കാണാനും കളിയാസ്വദിക്കാനുമായി നല്ളൊരു ആസ്വാദക വൃന്ദംതന്നെ ആരവം തീര്‍ക്കാനത്തെിയിരുന്നു. അരീക്കോടിന്‍െറ ഗോള്‍വലയം സുരക്ഷിതമാക്കിയത് മുന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി താരം വി.കെ. മുനീറായിരുന്നു. സീനിയര്‍ താരം ഹംസയാണ് മലപ്പുറത്തിന്‍െറ ഗോള്‍വലയം കാത്തത്. ദേശീയ അമ്പയര്‍മാരായ കെ.വി. സര്‍ജാസ്, കെ.ടി. ഷാനവാസ്, അബ്ബാസ് എന്നിവര്‍ കളി നിയന്ത്രിച്ചു. ഹബീബ് റഹ്മാന്‍, വി. മെഹ്ബൂബ്, എ. സക്കീര്‍ (കേരള പൊലീസ്), സി. ജാഫര്‍ (സെന്‍ട്രല്‍ എക്സൈസ്), എം. ജാഫര്‍ (സര്‍വിസസ്), എം. മുജീബ് (കെ.എസ്.ഇ.ബി), സലാം നാലകത്ത് (ഭാരത് പെട്രോളിയം), കെ.പി. സമീര്‍ എന്നിവര്‍ കാല്‍പ്പന്തുകളിയുടെ നാടിനെ പ്രതിനിധീകരിച്ചു. സി.വി. ശശി, ഷിംജിത്, റഷീദ് (കേരള പൊലീസ്), സുരേന്ദ്രന്‍ (കെ.എസ്.ഇ.ബി), റഫീഖ് ഹസ്സന്‍ (സെന്‍ട്രല്‍ എക്സൈസ്), ഷാക്കിര്‍ (ഏജീസ്), മന്‍സൂര്‍ (മലപ്പുറം സീനിയേഴ്സ്) എന്നിവര്‍ ജില്ലാ വെറ്ററന്‍സിനുവേണ്ടി ജഴ്സിയണിഞ്ഞു. മത്സരം ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കാഞ്ഞിരാല അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ഇന്‍റര്‍നാഷനല്‍ താരവും നാട്ടുകാരനുമായ യു. ഷറഫലി, കെ.വി. അബുട്ടി, അബ്ദുല്‍ കരീം, പി.ടി. മെഹ്ബൂബ് എന്നിവര്‍ മുഖ്യാതിഥികളായി. വിശിഷ്ട സേവനത്തിന്ന് രാഷ്ട്രപതിയുടെ പുരസ്കാരം കരസ്ഥമാക്കിയ കേരള പൊലീസ് താരം കുരികേശ് മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു. അഭിമാനതാരത്തിനുള്ള സൗഹൃദം ക്ളബിന്‍െറ ഉപഹാരം യു. ഷറഫലി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.