കഞ്ചാവ് മാഫിയയുടെ ഇടനിലക്കാരായി വിദ്യാര്‍ഥികള്‍

കൊളത്തൂര്‍: കഞ്ചാവ് മാഫിയയുടെ വിളയാട്ടം സംബന്ധിച്ച ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് ഓണപ്പുടയില്‍ തിങ്കളാഴ്ച എക്സൈസ് വകുപ്പ് പരിശോധന നടത്തി. പെട്രോള്‍ പമ്പിന് സമീപത്തും ഓണപ്പുട അങ്ങാടിയിലുമാണ് പരിശോധന നടന്നത്. അതിനിടെ കഞ്ചാവ് കച്ചവടത്തിന്‍െറ ഇടനിലക്കാരും ഉപഭോക്താക്കളുമായി കൊളത്തൂരിലെയും പരിസരത്തെയും നിരവധി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞു. കഴിഞ്ഞ ദിവസം പാലൂര്‍ കോട്ട ഭാഗത്തുനിന്ന് നാട്ടുകാര്‍ സംശയം തോന്നി പിടികൂടിയ വിദ്യാര്‍ഥികളില്‍നിന്ന് കഞ്ചാവ് പൊതികള്‍ ലഭിച്ചു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് 50ഓളം വിദ്യാര്‍ഥികള്‍ ശൃംഖലയില്‍ കണ്ണികളാണ്. ഏഴാം ക്ളാസ് മുതല്‍ 12ാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ സംഘത്തിലുണ്ട്. മൂര്‍ക്കനാട് തെന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘവും കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘവുമാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നത്. ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്ന് ലഭിച്ചത്. എട്ട് പേരുള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ സമയത്ത് പാലൂര്‍ കോട്ട ഭാഗത്ത് സ്ഥിരമായി എത്തുന്നത് കണ്ട പ്രദേശവാസികള്‍ ഇവരെ തടയുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതികള്‍ ലഭിച്ചത്. രാവിലെ സ്കൂളിലത്തെി ഹാജര്‍ നല്‍കിയ ശേഷം പുറത്തിറങ്ങി കഞ്ചാവ് മാഫിയയില്‍ നിന്ന് പൊതികള്‍ ശേഖരിക്കുകയാണ് പതിവ്. പിന്നീട് സ്കൂളില്‍ മടങ്ങിയത്തെും. ഉച്ചക്ക് ഹാജര്‍ നല്‍കി വീണ്ടും പുറത്തിറങ്ങും. പാലൂര്‍ കോട്ട ഭാഗത്തെ ഒഴിഞ്ഞ പ്രദേശത്തത്തെി ഉപയോഗിക്കുകയും ആവശ്യക്കാര്‍ക്ക് കൈമാറുകയും ചെയ്യുന്നതാണ് പതിവ്. കൊളത്തൂര്‍ പടിഞ്ഞാറെ കുളമ്പ്, കാരാട്ടുപറമ്പ്, കുറുപ്പത്താല്‍, സ്റ്റേഷന്‍ പടി, ഓണപ്പുട, കുരുവമ്പലം എന്നിവിടങ്ങളിലുള്ള കുട്ടികള്‍ കൂട്ടത്തിലുണ്ട്. വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്താല്‍ മാഫിയാ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.