തിരൂര്‍: സി. മമ്മുട്ടി എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയുപയോഗിച്ച് തുടങ്ങിയ താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയം നവീകരണത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ നടപടി വിവാദത്തില്‍. നഗരസഭക്കെതിരെ എം.എല്‍.എയും നടപടി ന്യായീകരിച്ച് നഗരസഭാ ചെയര്‍മാനും രംഗത്തത്തെിയതോടെ വിവാദം ഗാലറി വിട്ട് കളത്തിലിറങ്ങി. സ്റ്റേഡിയം നവീകരണത്തിന് നാലര കോടി രൂപയാണ് എം.എല്‍.എ അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് നഗരസഭാ കൗണ്‍സില്‍ പ്രമേയം മൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. സ്റ്റീല്‍ സ്ട്രക്ചര്‍ പവലിയനും സിന്തറ്റിക് ട്രാക്കുമാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സില്‍കിനെയാണ് (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്) നിര്‍മാണം ഏല്‍പ്പിച്ചത്. പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതോടെ സ്റ്റേഡിയം ഭൂമി വിട്ടു നല്‍കാന്‍ സില്‍ക് അധികൃതര്‍ നഗരസഭയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് കഴിഞ്ഞ മാസം അഞ്ചിന് നഗരസഭാധ്യക്ഷയുടെ അനുമതിയോടെ സ്റ്റേഡിയം വിട്ടു നല്‍കി. തെരഞ്ഞെടുപ്പായതിനാല്‍ നിര്‍മാണോദ്ഘാടനം ഉള്‍പ്പടെയുള്ളവ വേണ്ടെന്ന് വെച്ചായിരുന്നു പ്രവൃത്തിക്ക് തുടക്കമിട്ടത്. ഫെബ്രുവരിക്ക് മുമ്പായി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് സില്‍കിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനിടെ നഗരത്തില്‍ ഭരണ മാറ്റമുണ്ടായി. ഇടതുപക്ഷ ഭരണ സമിതിയുടെ ആദ്യ നടപടിയായി സ്റ്റോപ്പ് മെമ്മോ മാറിയിരിക്കുകയാണ്. നഗരസഭാ ചെയര്‍മാന്‍ പറയുന്നത് നഗരസഭ ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് തടസ്സമാകുന്ന രീതിയില്‍ പ്രവൃത്തി നടക്കുന്നതിനാലാണ് താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ നിര്‍ദേശിച്ചതെന്നാണ് നഗരസഭാ ചെയര്‍മാന്‍ പറയുന്നത്. 'സില്‍ക്' ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് നഗരസഭ തുടര്‍നടപടിയെടുക്കും. അംഗീകരിച്ച പ്രവൃത്തിയില്‍നിന്ന് വ്യതിചലിച്ച് നിര്‍മാണം നടക്കുന്നുവെന്ന പരാതി ലഭിച്ചതു പ്രകാരം മുനിസിപ്പല്‍ എന്‍ജിനീയറോട് സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സ്റ്റേഡിയത്തിന്‍െറ കിഴക്കു ഭാഗത്തിന് പകരം പടിഞ്ഞാറ് ഭാഗത്ത് ഗാലറി നിര്‍മാണത്തിന് കുഴിയെടുത്ത് കോറി വേസ്റ്റ് നിറക്കുന്ന പ്രവൃത്തിയും കമ്പികള്‍ മുറിക്കുന്ന പ്രവൃത്തിയുമാണ് നടക്കുന്നതെന്ന് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാവിയില്‍ ഷോപ്പിങ് കോംപ്ളക്സ്, പ്രധാന പ്രവേശ കവാടം, കളിക്കാര്‍ക്കുള്ള വിശ്രമ മുറി എന്നിവ നിര്‍മിക്കാന്‍ നഗരസഭ ഉദ്ദേശിക്കുന്ന സ്ഥലത്താണ് ഇപ്പോഴത്തെ ഗാലറി നിര്‍മാണം. അതിനാല്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന സില്‍ക് അധികൃതരോട് അംഗീകൃത പ്ളാനുകള്‍ ഹാജരാക്കിയ ശേഷം നിര്‍മാണം തുടര്‍ന്നാല്‍ മതിയെന്ന് എന്‍ജിനീയര്‍ വാക്കാല്‍ നിര്‍ദേശിക്കുകയാണുണ്ടായത്. എന്നാല്‍ തിങ്കളാഴ്ച വരെയും പ്ളാനുകളോ അനുബന്ധ രേഖകളോ മുനിസിപ്പല്‍ ഓഫിസില്‍ ഹാജരാക്കിയിട്ടില്ല. ഗാലറി ഒഴികെയുള്ള മറ്റ് പ്രവൃത്തികള്‍ നടത്താന്‍ നഗരസഭ തടസ്സം ഉന്നയിച്ചിട്ടില്ളെന്നും ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് വ്യക്തമാക്കി. പ്രവൃത്തി നിര്‍ത്തിയത് കാരണം വ്യക്തമാക്കാതെ –എം.എല്‍.എ സ്റ്റേഡിയം നവീകരണം നഗരസഭ നിര്‍ത്തി വെപ്പിച്ചത് കാരണം വ്യക്തമാക്കാതെയാണെന്ന് സി. മമ്മുട്ടി എം.എല്‍.എ. പ്രാദേശിക വികസന നിധിയില്‍ നിന്ന് നാലര കോടി രൂപ അനുവദിച്ചത് നഗരസഭാ കൗണ്‍സില്‍ പ്രമേയം മൂലം ആവശ്യപ്പെട്ടതിനാലാണ്. നഗരത്തിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമായതിനാലാണ് വര്‍ഷത്തില്‍ ലഭിക്കുന്ന അഞ്ച് കോടിയില്‍ നാലര കോടിയും സ്റ്റേഡിയത്തിന് അനുവദിച്ചത്. ഫെബ്രുവരി അഞ്ചിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് സില്‍കിന് നല്‍കിയ നിര്‍ദേശം. നിര്‍മാണം നിര്‍ത്തി വെപ്പിക്കുന്ന വിവരം തന്നെ അറിയിക്കാന്‍ പോലും നഗരസഭ തയാറായില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. പുഴയുടെ ഭാഗത്ത് നേരത്തെ സില്‍ക് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. അവിടെ മതില്‍ നിര്‍മിച്ചാല്‍ പുഴയിലേക്ക് തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഗാലറി പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയതെന്നും പദ്ധതിയുടെ പ്ളാന്‍ കിട്ടിയില്ളെന്ന നഗരസഭാ വാദം അവാസ്തവമാണെന്നും എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ ഭാവി ഇന്നറിയാം സ്റ്റേഡിയം നവീകരണം ചര്‍ച്ച ചെയ്യാന്‍ സി. മമ്മുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം ചേരും. വൈകീട്ട് നാലിന് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിലാണ് യോഗം. നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നവീകരണം ഏറ്റെടുത്തിട്ടുള്ള സില്‍ക് അധികൃതരും പങ്കെടുക്കും. സ്റ്റേഡിയത്തിന് അനുവദിച്ച തുക വിനിയോഗിക്കണോ വേണ്ടെയോ എന്ന് ബുധനാഴ്ച തീരുമാനിക്കുമെന്ന് സി. മമ്മുട്ടി എം.എല്‍.എ വ്യക്തമാക്കി. പദ്ധതി തുടരുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ നഗരസഭ തയാറാണെങ്കില്‍ തുക ഇതിനു തന്നെ ചെലവഴിക്കാനും തടസ്സവാദങ്ങളാണ് ഉന്നയിക്കുന്നതെങ്കില്‍ തുക വക മാറ്റുന്നതിനുമാണ് എം.എല്‍.എയുടെ തീരുമാനം. അനുവദിച്ച തുക വേണ്ടെന്ന് വെക്കാനും തനിക്ക് അധികാരമുണ്ടെന്ന് സി. മമ്മുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.