സംഘാടക പിഴവ്; ആരോഗ്യ ശിശുമത്സര പരിപാടി അലങ്കോലമായി

വണ്ടൂര്‍: കേന്ദ്ര ഫീല്‍ഡ് പബ്ളിസിറ്റി വിഭാഗവും ജില്ലാ ആരോഗ്യ വകുപ്പും സംഘടിപ്പിച്ച ആരോഗ്യ ശിശുമത്സര പരിപാടിയില്‍ മതിയായ സൗകര്യമൊരുക്കാത്തതില്‍ അമ്മമാരുടെ പ്രതിഷേധം. മൂന്നു ദിവസങ്ങളിലായി സുബ്ബറാവു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ആരോഗ്യയജ്ഞ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച ആരോഗ്യ ശിശു മത്സരം സംഘടിപ്പിച്ചത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യം പരിശോധിച്ച് തെരഞ്ഞെടുക്കുന്ന പത്ത് അമ്മമാര്‍ക്ക് സമ്മാനം നല്‍കുന്നതായിരുന്നു പരിപാടി. ബ്ളോക്കിനു കീഴിലെ അഞ്ച് പഞ്ചായത്തുകളില്‍നിന്ന് ഐ.സി.ഡി.എസ് അംഗങ്ങളെ ഉപയോഗിച്ച് അമ്മമാരേയും കുട്ടികളേയും എത്തിക്കാനായിരുന്നു നിര്‍ദേശം. വിവിധ അങ്കണവാടികളില്‍നിന്ന് തെരഞ്ഞെടുത്ത 630 കുട്ടികളും അവരുടെ അമ്മമാരും പരിപാടിക്കത്തെിയെങ്കിലും പരിമിതമായ സൗകര്യം മാത്രമാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. റജിസ്ട്രേഷന്‍ നടത്താനോ കുട്ടികളുടെ തൂക്കവും ഉയരവും രേഖപ്പെടുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. മതിയായ ഡോക്ടര്‍മാരോ വളണ്ടിയര്‍മാരോ ഇല്ലാത്തതു കാരണം എന്തു ചെയ്യണമെന്നറിയാതെ അമ്മമാര്‍ പൊരിവെയിലത്ത് വട്ടം കറങ്ങി. 400 പേര്‍ക്കിരിക്കാവുന്ന ഹാളില്‍ ഇരട്ടിയിലധികം പേര്‍ എത്തിയതോടെ രംഗം വഷളായി. പകുതിയോളം അമ്മമാരും കുട്ടികളും പുറത്തു തന്നെ നിന്നു. കുടിവെള്ളമോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ പരിമിതമായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തത്തെി. പ്രതിഷേധം രൂക്ഷമായതോടെ സമ്മാനങ്ങള്‍ നല്‍കി പരിപാടി അവസാനിപ്പിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരത്തെി മൈക്ക് പിടിച്ചു വാങ്ങിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഇതോടെ പരിപാടിക്കത്തെിയവരെല്ലാം പിരിഞ്ഞു പോകുകയായിരുന്നു. പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് തങ്ങള്‍ക്കു ലഭിച്ച നിര്‍ദേശമെന്ന് അങ്കണവാടി ടീച്ചര്‍മാര്‍ പറഞ്ഞു. എന്നാല്‍ സംഘാടനത്തില്‍ വന്ന പിഴവാണ് പ്രയാസങ്ങള്‍ സൃഷ്ടിച്ചതെന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസറും പരമാവധി അമ്മമാര്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് വിചാരിച്ചാണ് പങ്കാളിത്തം നിജപ്പെടുത്താതിരുന്നതെന്ന് കേന്ദ്ര ഫീല്‍ഡ് പബ്ളിസിറ്റി ഓഫിസര്‍ ഉദയകുമാറും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.