കോഴിക്കോട്​ ലൈവ്​

ഇനിയുമൊഴുകുമീ പുഴ...
നാടി​​​െൻറ നന്മയും വിശുദ്ധിയും കല്ലായിപ്പുഴയിലെത്തിച്ച ഹൃദയ ധമനി, ഗ്രാമങ്ങളെ നഗരത്തിലേക്ക് ഒഴുക്കി അടുപ്പിച്ച് നിർത്തിയ സുന്ദരി, മാമ്പുഴ, പക്ഷേ... മരണ വക്ത്രത്തിലായിരുന്നു. അതിരുകൾ വെട്ടിപ്പിടിച്ച് തേൻറതാക്കി ചിലർ പുഴയെ കവർന്നു. കച്ചവടക്കണ്ണുമായി പുഴയോരത്തെ പറമ്പുകളും കുന്നുകളും വാങ്ങിക്കൂട്ടിയവർ പലയിടത്തും പുഴതന്നെ സ്വന്തമാക്കി. ബാക്കിയായ ഒഴുക്കു നിലച്ച പുഴയിലേക്ക് മാലിന്യങ്ങൾ തള്ളി, വിസർജ്യങ്ങളൊഴുക്കി അവർ മാമ്പുഴക്ക് മരണം വിധിച്ചു. പക്ഷേ ചിലർ, പുഴയുടെ കുളിരിൽ മുങ്ങിക്കുളിച്ചവർ, രാപ്പകലുകളിൽ പുഴയോരത്തിരുന്ന് കഥ പറഞ്ഞവർ, കൈനിറയെ മീൻ പിടിച്ച് വിശപ്പ് മാറ്റിയവർ, അവർ പുഴക്കായി ഒന്നിച്ചിരുന്നു. ആ ചെറിയ കൂട്ടം മെല്ലെ വലിയ ആൾക്കൂട്ടമായി. പുഴയൊഴുകുന്നിടങ്ങളിലെല്ലാം ഈ ആൾക്കൂട്ടവും വളർന്നു. മാമ്പുഴക്ക് വേണ്ടി നാടുണർന്നു. ഒരു പുഴക്ക് വേണ്ടി ജനം ഒന്നിച്ചപ്പോൾ മരണവിധി മാറ്റിയെഴുതിയ ചരിത്രമാവുകയാണിപ്പോൾ മാമ്പുഴ. ജില്ലയിൽ നാശത്തിലാവുന്ന പുഴകളുടെ വീണ്ടെടുപ്പിനുള്ള പ്രേരകമായി മാറുകയാണ് മാമ്പുഴ. മാമ്പുഴക്ക് പുനർജനി... പുഴക്കായി ഒരു ജനത നടത്തിയ ചെറുത്തുനിൽപി​​​െൻറയും സമരങ്ങളുടേയും ഫലമായാണ് മാമ്പുഴ പുനർജനി. പെരുവയൽ, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകി മാങ്കാവിൽ കല്ലായിപ്പുഴയുമായി ചേരുന്ന മാമ്പുഴയെ മരണവക്ത്രത്തിൽനിന്ന് രക്ഷപ്പെടുത്തുന്നത് 2010 നവംബറിൽ ഒരുകൂട്ടം പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങിയ മാമ്പുഴ സംരക്ഷണ സമിതി കൂട്ടായ്മയാണ്. പെരുവയൽ ചെറുകുളത്തൂരിലെ ആണോറ കുന്നിന് താഴെ മുത്തശ്ശികുണ്ടിൽനിന്നാണ് മാമ്പുഴയുടെ തുടക്കം. കുറ്റിക്കാട്ടൂരിൽനിന്നാണ് അതൊരു പുഴയായി രൂപം കൊള്ളുന്നത്. പുഴ ഒഴുകുന്ന ഗ്രാമങ്ങളുടെ മുഖ്യ ശുദ്ധജല സ്രോതസ്സും കൃഷിക്കാരുടെ ജലസേചനത്തിന് ആശ്രയവുമാണിത്.

കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ എടുത്തു മാറ്റുകയായിരുന്നു ആദ്യഘട്ടം. സന്നദ്ധ പ്രവർത്തകരും സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ മാസങ്ങളോളം ശ്രമിച്ചാണ് പൂർണമായല്ലെങ്കിലും മാമ്പുഴയെ മാലിന്യത്തിൽ നിന്ന് രക്ഷപ്പെടുത്താനായത്. തുടർന്ന് 2012 ജനുവരിയിൽ അതിരുകൾ പുനർനിർണയിച്ച് ൈകയേറ്റമൊഴിപ്പിക്കാൻ സർവേക്ക് തുടക്കമായി. പലതവണ മുടങ്ങിയും ഇഴഞ്ഞും നീങ്ങിയ സർവേ പൂർത്തിയാക്കാനായത് മാസങ്ങൾക്ക് മുമ്പാണ്. തുടർന്ന് ഏറ്റെടുത്ത ഭൂമിയിലെ വൃക്ഷങ്ങളിൽ നിന്നുള്ള ഫലം ഗ്രാമപഞ്ചായത്തുകൾ ലേലം വിളിച്ച് നൽകിയിട്ടുണ്ട്. ചളി കോരി പുഴ വൃത്തിയാക്കൽ തുടങ്ങി മാലിന്യവും ചളിയുമടിഞ്ഞ് ഒഴുക്ക് നിലച്ച പുഴയെ വീണ്ടെടുക്കുന്നതിന് കോഴിക്കോട് ജില്ല പഞ്ചായത്തി​​​െൻറ നേതൃത്വത്തിൽ പദ്ധതി തുടങ്ങിയിട്ടുണ്ട്. ജില്ല മോണിറ്ററിങ് കമ്മിറ്റിക്ക് കീഴിൽ പഞ്ചായത്തുകളിലും പ്രാദേശികമായും കമ്മിറ്റികൾ രൂപവത്കരിച്ച് വലിയ മുന്നൊരുക്കത്തോടെയാണ് പദ്ധതി. 50 ലക്ഷം രൂപ ജില്ല പഞ്ചായത്തും 25 ലക്ഷം വീതം മൂന്ന് ഗ്രാമപഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും, ആകെ 1. 75 കോടിയാണ് വകയിരുത്തിയത്. ഇതി​​​െൻറ പ്രവൃത്തി കുറ്റിക്കാട്ടൂരിൽനിന്ന് തുടങ്ങിയിട്ടുണ്ട്. 18 കിലോമീറ്റർ നീളമുള്ള പുഴയുടെ പകുതി ദൂരമാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. പുഴയിൽനിന്ന് മാലിന്യങ്ങൾ നീക്കി, ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ചളി മാറ്റുകയും പുഴയിലേക്കുള്ള നീർചാലുകൾ വീതി കൂട്ടുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് കയർ ഭൂവസ്ത്രമണിയിച്ച്, ചെടികൾ വളർത്തി കര സംരക്ഷിക്കും. വാഹനങ്ങളിലെത്തി പാലങ്ങളിൽനിന്ന് മാലിന്യം പുഴയിലേക്ക് വലിച്ചെറിയുന്നത് തടയാൻ പാലങ്ങൾക്ക് ഇരുപുറവും വേലികൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 

ജലായനത്തോടെ തുടക്കം
ജനമുണർന്നതോടെ ഗ്രാമപഞ്ചായത്തുകളും പുഴക്കായി പദ്ധതികൾ വകയിരുത്തി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ഒളവണ്ണ ഗ്രാമപഞ്ചായത്തി​​​െൻറ സഹകരണത്തോടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജലായനമാണ് അതിൽ പ്രധാനം. പുഴയുടെ ടൂറിസ സാധ്യതകളറിഞ്ഞ് സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന ഫാം ടൂറിസം പുതിയ കാൽവെപ്പാണ്. മത്സ്യകൃഷി, പച്ചക്കറി കൃഷി, അക്വാപോണിക് ഫാം, ഫ്ലോട്ടിങ് റസ്റ്റാറൻറ്, കിഡ്സ് പാർക്ക് തുടങ്ങിയവയാണ് ജലായനത്തി​​​െൻറ ഭാഗമായി തുടങ്ങിയത്. യന്ത്ര, പെഡൽ ബോട്ടുകളിലെ യാത്രയും, പുഴ മത്സ്യങ്ങൾ പിടിച്ച് തത്സമയം പാകം ചെയ്യാനുള്ള സംവിധാനവും സന്ദർശകരെ ആസ്വദിപ്പിക്കും. പുഴയെ മാലിന്യത്തിൽ നിന്ന് രക്ഷിക്കാൻ സന്നദ്ധ പ്രവർത്തകരായ 150 ആളുകളെ ഉൾപ്പെടുത്തി ഇക്കോ ക്ലബിന് രൂപം നൽകുന്നുണ്ട്. ഇവരുടെ നേതൃത്വത്തിൽ പുഴ ശുചീകരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കുന്നുണ്ട്. കൂടുതൽ ആളുകളെ ടൂറിസ രംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്. പുഴയുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നവർക്ക് ഉപജീവനത്തിന് പുഴയിലൂടെത്തന്നെ സാധ്യതകൾ കണ്ടെത്താൻ ടൂറിസം പദ്ധതികൾ സഹായകമാവുമെന്നാണ് കരുതുന്നത്. ബോട്ടിങ്ങും, പുഴയോരത്ത് ബയോപാർക്കുകളും, അതിൽ തനത് നാടൻ കലാരൂപങ്ങളുടെ ആസ്വാദനവുമൊരുക്കി പുഴയെ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. 

കൈനിറയെ... മാലാനും ചെമ്പല്ലിയും മത്സ്യസമൃദ്ധമാണ് മാമ്പുഴ. ചെമ്പല്ലിയും മാലാനും ചെമ്മീനും ഞെണ്ടുമൊക്കെ സുലഭമാണിപ്പോഴും പുഴയിൽ. പക്ഷേ, വെള്ളം നിറം മാറി കറുത്ത് ദുർഗന്ധവുമായെത്തുന്ന വേനലുകളിൽ പുഴമത്സ്യങ്ങൾ ചത്ത് പൊന്തുന്നത് പതിവു കാഴ്ചയാണ്. ഒഴുക്ക് കുറയുന്നതും വെള്ളത്തിലെ ഓക്സിജ​​​െൻറ അളവ് കുറയുന്നതുമൊക്കെ ഇതിന് കാരമാണ്. പലരും മാലിന്യക്കുഴലുകൾ മാമ്പുഴയിലേക്ക് തുറന്നിട്ടതായി നാട്ടുകാർക്ക് ആക്ഷേപമുണ്ട്. തടസ്സങ്ങളൊഴിഞ്ഞ് പുഴയിൽ വീണ്ടും തെളിനീരൊഴുകുന്നതോടെ ഇവിടത്തെ മത്സ്യസമ്പത്തിനും ആളുകളെത്തും. വീശുവലകളും കോരുവലകളുമുപയോഗിച്ച് പുഴമത്സ്യം പിടിക്കുന്നവർ ധാരാളമുണ്ട് മാമ്പുഴയിൽ. നീർച്ചാലുകൾ നികത്തുന്നു; ഉറവ വറ്റി കൈവഴികൾ സുലഭമായ കൈവഴികളാണ് മാമ്പുഴയുടെ പ്രത്യേകത. ഏതുകാലത്തും ഉറവയുള്ള കൈവഴികളാണ് പുഴയുടെ ജല സ്രോതസ്സുകളുടെ ഉറവിടം. നഗരം ഗ്രാമങ്ങളിലേക്ക് വളർന്നതോടെ മാമ്പുഴയുടെ പരിസരങ്ങളിലും നീർച്ചാലുകൾ മണ്ണിട്ട് മൂടി കെട്ടിടങ്ങളുയർന്നു. പുഴയിലെ ജലസമൃദ്ധിയെ ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വേനലെത്തും മുമ്പുതന്നെ ഒഴുക്ക് നിലച്ച് വെള്ളം കറുക്കാൻ വലിയൊരളവ് ഇതും കാരണമാണ്. പുഴ നവീകരണത്തിൽ നീർച്ചാലുകളുടെ വീതി കൂട്ടാൻ പദ്ധതിയുണ്ടെങ്കിലും ഇവ മണ്ണിട്ട് മൂടുന്നതിനെതിരെ ജാഗ്രത ജനങ്ങളുടേയും അധികൃതരുടേയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. സർവേ പൂർത്തിയാക്കി പുഴയോരത്തെ വൃക്ഷങ്ങളിലെ ഫലമെടുക്കാൻ ലേലം നൽകിയെങ്കിലും ഭൂമി വീണ്ടും ൈകയേറാതിരിക്കാനുള്ള അതിര് തിരിക്കൽ ആവശ്യമാണ്. 

പദ്ധതികൾ നടപ്പിലാക്കിയതുകൊണ്ടുമാത്രം പുഴയെ തിരിച്ചുപിടിക്കാനാവില്ല -ബാബു പറശ്ശേരി (ജില്ല പഞ്ചായത്ത് പ്രസിഡൻറ്) സർക്കാർ ഫണ്ടുകൾ വകയിരുത്തി പദ്ധതികൾ നടപ്പിലാക്കിയതുകൊണ്ടു മാത്രം പുഴയെ തിരിച്ചു പിടിക്കാനാവില്ലെന്ന് നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി. മലിനീകരണത്തിനെതിരെ ജനകീയ പ്രതിരോധമുയരണം. അവബോധം സൃഷ്ടിക്കപ്പെടണം. കുടിവെള്ളം ചുരത്തുന്ന അമ്മയാണ് പുഴയെന്ന ബോധം മനുഷ്യർക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - kozhikode live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.