തിരുവനന്തപുരത്തു നിന്നെത്തിയ മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചു

ഭക്ഷണവും വെള്ളവും ലഭിക്കാതെ മണിക്കൂറുകളോളം തൊഴിലാളികൾ ബസിനുള്ളിൽ പഴയങ്ങാടി: ലോക്ഡൗൺ ആരംഭിക്കുന്നതിനുമുമ്പ് സ്വദേശത്തേക്ക് അവധിയിൽ പോയ തിരുവനന്തപുരം ജില്ലക്കാരായ മത്സ്യത്തൊഴിലാളികൾ പുതിയങ്ങാടിയിൽ തിരിച്ചെത്തിയപ്പോൾ താമസിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മത്സ്യബന്ധന തൊഴിലാളികൾ മത്സ്യബന്ധന സാമഗ്രികളുമായി വള്ളങ്ങളിൽ മറ്റിടങ്ങൾ ലക്ഷ്യംവെച്ച് പുതിയങ്ങാടിയിൽ നിന്നും മടങ്ങി. പുതിയങ്ങാടി കടലിൽ രണ്ട് ദശകങ്ങളായി മത്സ്യബന്ധനം നടത്തുന്ന കെ.വിൽസൺ, വി.വർഗീസ് എന്നിവരും ഇവരുടെ വള്ളങ്ങളിലെ തൊഴിലാളികളായ 12 പേരുമടങ്ങുന്ന സംഘമാണ് 25000 രൂപ നൽകി പ്രത്യേകം ബസ്സ് വാടകക്കെടുത്ത് ശനിയാഴ്ച പുലർച്ചയോടെ തിരുവനന്തപുരത്തുനിന്നും ഇവിടെയെത്തിയത്. ഇതോടെ ഒരു വിഭാഗം നാട്ടുകാർ സംഘടിച്ചെത്തി, കോവിഡ് പടരുന്ന സാഹചര്യത്തിൽ അന്യജില്ലകളിൽ നിന്നെത്തിയവർ ക്വാറൻറീനിൽ കഴിയണമെന്നും പുറത്തിറക്കരുതെന്നും ആവശ്യമുയർത്തി ബസിൽ നിന്നിറങ്ങുന്നതിനെതിരെ പ്രതിഷേധമുയർത്തി. രംഗം വഷളായതോടെ പുതിയങ്ങാടിയിൽ നിന്നും ഇവർ മടങ്ങി പാതയോരത്ത് ബസ് നിർത്തിയിട്ടു. വെള്ളവും ഭക്ഷണവും ലഭിക്കാതെ മണിക്കൂറുകളോളം ബസിൽ കഴിയേണ്ടിവന്ന ഇവരോട് കനിവുതോന്നിയ ചിലരാണ് ഭക്ഷണവും വെള്ളവും നൽകിയത്. ഇവരുടെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പുതിയങ്ങാടിയിലെ പങ്കാളിക ളിൽ ചിലർ മാടായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടായില്ല. തിരുവനന്തപുരത്ത് നിന്നെത്തിയ 14പേരും ബന്ധപ്പെട്ടവരിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സാക്ഷ്യപത്രവും നേടിയാണ് പുതിയങ്ങാടിയിലെത്തിയിരുന്നത്. രണ്ടോടെ പഴയങ്ങാടി എസ്.ഐ കെ.ഷാജു സ്ഥലത്തെത്തി മാടായി പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. പൊലീസ് അകമ്പടിയിൽ തൊഴിലാളികളെ വീണ്ടും പുതിയങ്ങാടിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഇവർക്കെതിരെ വീണ്ടും പ്രതിഷേധമുയർത്തി നാട്ടുകാർ രംഗത്തെത്തി. മാടായി പഞ്ചായത്ത് അധികൃതരിൽനിന്ന് തൊഴിലാളികൾക്കനുകൂലമായ നിലപാടുണ്ടാകാത്തതിനാൽ പൊലീസ് നിസ്സഹായരാവുകയായിരുന്നു. ഇതോടെ തൊഴിലാളികൾ പുതിയങ്ങാടിയിൽനിന്നും മറ്റു കടൽതീരങ്ങൾ ലക്ഷ്യമിട്ട്, തങ്ങളുടെ മത്സ്യബന്ധന സാമഗ്രികളുമെടുത്ത് വള്ളങ്ങളിൽ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.