റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് യാത്രക്കാർ ദുരിതത്തിൽ

ഫറോക്ക്: കരുവൻതിരുത്തി റോഡിലെ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം യാത്രക്കാർ ദുരിതത്തിൽ. നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മഴക്കാല ശുചീകരണ പ്രവൃത്തി നടത്താറുണ്ടെങ്കിലും ഈ വർഷം ശുചീകരിച്ചിട്ടില്ല. ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഇരുഭാഗത്തെ റോഡിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നത് അടിപ്പാതയിലേക്കാണ്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് എല്ലാവർഷവും യാത്രക്കാരെ വലക്കുകയാണ്. അടിപ്പാതയിൽ നിറയുന്ന വെള്ളക്കെട്ട് പുഴയിലേക്ക് ഒഴുകി പോകുന്ന പ്രധാന കുഴൽ മണ്ണും മാലിന്യവും കൂടി ചേർന്ന് ഒഴുക്ക് തടസ്സപ്പെട്ടതാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്ത മഴയിൽ വെള്ളം ഒഴുകിപ്പോകാതിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പെയ്യാൻ തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെ 11 മണി വരെ തുടർന്നു. ഇത്രയും സമയം നീണ്ടു നിന്ന മഴയിൽ അടിപ്പാത പൂർണമായും വെള്ളത്തിനടിയിലായി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും പോകാൻ കഴിയാത്ത സ്ഥിതിയിലായി. കാൽനട പൂർണമായും സ്തംഭിച്ചു. കാൽനടക്കാർക്ക് ഫറോക്കിലേക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ നൂറ് മീറ്ററോളം ചുറ്റി റെയിൽവേ പാളം കടന്നു വേണം സഞ്ചരിക്കാൻ. ഇത് അപകടം വിളിച്ചു വരുത്തും. പരാതികളെ തുടർന്ന് ഇന്നലെ ഉച്ചയോടെ നഗരസഭയുടെ നേതൃത്വത്തിൽ എക്സ്കവേറ്റർ എത്തിച്ച് അഴുക്കുചാലിലെ മണ്ണ് താൽകാലികമായി നീക്കിയതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്. പലരും മാലിന്യം തള്ളാനും അടിപ്പാതയിൽ ഇടം കണ്ടെത്തുകയാണ് . മഴക്കാലത്ത് മാലിന്യം കലർന്ന വെള്ളം അടിപ്പാതയിൽ കെട്ടിക്കിടക്കും. പാതയുടെ വശങ്ങളിൽ വെള്ളം ഒഴുകിപ്പോകാനായി ഓട ഉണ്ടെങ്കിലും ഇതിലൂടെ വെള്ളം പൂർണമായി ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. കോൺക്രീറ്റ് ഓടയിൽ ദ്വാരങ്ങളുണ്ടാക്കി വെള്ളം ഒഴുകാൻ സൗകര്യമുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. അടിപ്പാതയിലൂടെ വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കും. അടിപ്പാത കടന്നാലും റോഡ് നിരപ്പല്ലാത്തതു യാത്രക്കാർക്ക് അപകടക്കെണിയാണ്. പാതയിൽ വെള്ളം ഒഴുകിപ്പോകാൻ റെയിൽവേ-പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായാണ് നടപടി സ്വീകരിക്കേണ്ടത്. എന്നാൽ വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ആരും രംഗത്ത് എത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.