കരുതലും പ്രതീക്ഷയുമായി പരീക്ഷ തുടങ്ങി

കനത്ത ജാഗ്രതയിൽ എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷ കോഴിക്കോട്: ലോക്ഡൗൺ ഇളവിൽ കനത്ത ജാഗ്രതയോടെ പുനരാരംഭിച്ച എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ പരീക്ഷ വിദ്യാർഥികൾക്ക് കരുതലിൻെറ പുതിയ പാഠം കൂടിയായി. 197 കേന്ദ്രങ്ങളിലായി 44,555 വിദ്യാർഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 28 കേന്ദ്രങ്ങളിലായി 5,111 വി.എച്ച്.എസ്.ഇ വിദ്യാർഥികളും പരീക്ഷയെഴുതി. രാവിലെ 9.45നായിരുന്നു വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പരീക്ഷ. ഉച്ചക്ക് 1.45ന് എസ്.എസ്.എൽ.സി കണക്കുപരീക്ഷയും നടന്നു. കോവിഡ് -19 പശ്ചാത്തലത്തിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് പരീക്ഷ സൻെറർ മാറ്റുന്നതു പ്രകാരം 249 പേർ മറ്റു ജില്ലകളിലും 156 പേർ മറ്റു ജില്ലകളിൽനിന്ന് ഇവിടെയും പരീക്ഷയെഴുതി. അധ്യാപകര്‍ക്ക് പുറമെ, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെയെല്ലാം സഹകരണത്തോടെയായിരുന്നു പരീക്ഷ. എല്ലാ പരീക്ഷ കേന്ദ്രങ്ങളും നേരത്തെ അണുമുക്തമാക്കിയിരുന്നു. മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. അധ്യാപകര്‍ക്കും മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കി. ബ്രേക് ദ ചെയിന്‍ കാമ്പയിൻെറ ഭാഗമായി സോപ്പ്, വെള്ളം എന്നിവ മുഴുവൻ സ്കൂളുകുകളുടെയും പ്രവേശന കവാടത്തില്‍ ഒരുക്കിയിരുന്നു. വിദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്ന് ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽനിന്നും റെഡ് സോണിൽ നിന്നുമുള്ള കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും വാഹന സൗകര്യവും ഏര്‍പ്പെടുത്തി. സ്കൂളുകളിൽ ഹെൽപ് ഡെസ്കുകളും പ്രവർത്തിച്ചു. സ്കൂൾ വാഹനങ്ങൾക്കുപുറമെ കെ.എസ്.ആർ.ടി.സി ബസുകളും വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയെങ്കിലും നിരവധിപേർ സ്വകാര്യ വാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പമാണ് പരീക്ഷ എഴുതാനെത്തിയത്. അതിനാൽതന്നെ പരീക്ഷകേന്ദ്രങ്ങൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പരീക്ഷ കഴിഞ്ഞശേഷവും പരസ്പരം സംസാരിക്കാനോ അടുത്തിടപഴകാനോ അവസരം നൽകാതെയാണ് വിദ്യാർഥികെള വീടുകളിലേക്കയച്ചത്. വിദ്യാർഥികള്‍ പേന, പെന്‍സില്‍ ഇന്‍സ്ട്രുമൻെറ് ബോക്സ്, വെള്ളക്കുപ്പി തുടങ്ങിയവയൊന്നും കൈമാറരുതെന്നടക്കമുള്ള നിർദേശവും നേരത്തെ അധികൃതർ നൽകിയിരുന്നു. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പധികൃതർ അറിയിച്ചു. പ്ലസ് ടു പരീക്ഷകള്‍ ബുധനാഴ്ച പുനരാരംഭിക്കും. 45,847 പ്ലസ് വണ്‍ വിദ്യാർഥികളും 46,545 പ്ലസ് ടു വിദ്യാർഥികളുമാണ് 179 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതുക. എസ്.എസ്.എല്‍.സി പരീക്ഷ മേയ് 28 നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ 30നും അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.