മാഹി ബൈപാസ്; ബണ്ട് നീക്കം ചെയ്യാനുള്ള സ്ഥലം ആർ.ഡി.ഒ സന്ദർശിച്ചു

മുഴപ്പിലങ്ങാട്: മാഹി ബൈപാസ് നിർമാണത്തിൻെറ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള മാഹി പുഴയിൽ ബണ്ട് നീക്കം ചെയ്യൽ പ്രവൃത്തി നടക്കുന്ന സ്ഥലം ആർ.ഡി.ഒ സന്ദർശിച്ചു. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് മഴക്കാലത്തിനുമുമ്പ് മാഹി പുഴയിൽ നിർമിച്ച ബണ്ട് പുഴയുടെ ഒഴുക്കിനെ സാരമായി ബാധിച്ച് പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിൽ വെള്ളം കയറുകയും കഴിഞ്ഞ പ്രളയത്തിൽ ഇവിടെ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തിരുന്നു. മഴ വരുന്നതിനുമുമ്പ് മൂന്ന്, നാല് തൂണുകൾക്ക് ഇടയിലുള്ള ബണ്ട് പൊളിച്ച് മണ്ണ് ഉടൻ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് നിർമാണ കമ്പനിക്കാരെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കുന്നതിനാണ് വടകര ആർ.ഡി.ഒ വി.പി. അബ്ദുറഹ്മാൻ സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയത് അശാസ്ത്രീയമായി ബണ്ട് നിർമിച്ചതുകൊണ്ടാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ പഞ്ചായത്ത് കത്ത് നൽകിയിരുന്നു. തുടർന്ന് നടപടി സ്വീകരിക്കുന്നതിൻെറ ഭാഗമായായിരുന്നു ആർ.ഡി.ഒയുടെ സന്ദർശനം. നിർമാണ കമ്പനിയുമായി സംസാരിച്ചതിൻെറ അടിസ്ഥാനത്തിൽ ലോക്ഡൗൺ കഴിയുന്ന മുറക്ക് ബണ്ടിലെ മണ്ണ് നീക്കം ചെയ്യാമെന്ന് കമ്പനി ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ, വാർഡ് മെംബർ സുകുമാരൻ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വില്ലേജ് ഓഫിസർ ടി.പി. റെനീഷ് കുമാർ എന്നിവർ അദ്ദേഹത്തിൻെറ കൂടെ ഉണ്ടായിരുന്നു. മാഹി ബൈപാസ് നിർമാണത്തിൽ ഡ്രെയ്നേജ് തകർന്നതും നാട്ടുകാർ ആർ.ഡി.ഒക്ക് മുന്നിൽ പരാതിപ്പെട്ടു. നടപടിയെടുക്കുമെന്ന് ആർ.ഡി.ഒ ഉറപ്പുനൽകി. കഴിഞ്ഞ പ്രളയത്തിനുശേഷം സൈന്യത്തെ ഉപയോഗിച്ച് ബണ്ട് പൊളിക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. mahe river bundവടകര ആർ.ഡി.ഒ വി.പി. അബ്ദുറഹ്മാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മാഹി പുഴയിൽ ബണ്ട് നീക്കം ചെയ്യാനുള്ള സ്ഥലം സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.