നോമ്പോർമ.............

രണ്ടാം പൊന്നാനിയിലെ കതിനയുടെ ഒാർമ ഫൈസൽ പുതുക്കുടി കൊടിയത്തൂർ: രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന കൊടിയത്തൂരിലെ നോമ്പുകാലത്തുള്ള കതിന വെടിയും, നാലണ കൊടുത്ത് കപ്പക്കായുള്ള കാത്തിരിപ്പും ഓർമിച്ചെടുക്കുകയാണ് കാരാട്ട് കാക്കയെന്ന കാരാട്ട് അബൂബക്കർ. വറുതിയുടെ കുട്ടിക്കാലത്ത് ചക്കയും ചേമ്പും കാവുത്തും ആയിരുന്നു പ്രധാന നോമ്പുതുറ വിഭവങ്ങൾ. അരി ഭക്ഷണം കഴിക്കാൻ കൊതിച്ചിരുന്ന കാലത്ത് മാസത്തിൽ ഒരിക്കൽ കിട്ടുന്ന റേഷനരി കഞ്ഞിവെച്ച് കുടിക്കുന്നതായിരുന്നു ഏക ആശ്വാസം. പട്ടിണിയും പ്രയാസങ്ങളും നിറഞ്ഞ ജീവിതമായിരുന്നു അന്ന്. പള്ളിയിലെ തറാവീഹു നമസ്കാരവും ദർസ് കുട്ടികളുടെ ഒച്ചപ്പാടും, കരണ്ടില്ലാത്തതിൻെറ 'വേവും ചൂടു' മൊക്കെ അയവിറക്കുകയാണ് ഈ 85കാരൻ. ഇത്തിഗാഹിനും (പള്ളിയിൽ ഭജനമിരിക്കൽ), ഖുർആൻ വായനക്കും നിരവധി പേരായിരുന്നു കൊടിയത്തൂർ പള്ളിയിൽ വന്നിരുന്നത്. കൊടിയത്തൂർ പള്ളിയിൽനിന്ന് കതിന വെടി നോമ്പു പിടിക്കാനും തുറക്കാനും പൊട്ടിച്ചിരുന്നു. പുലർച്ച രണ്ടു മണിക്കുള്ള വെടികേട്ടാണ് ആ പ്രദേശത്തുകാർ ഉണർന്നിരുന്നത്. തൻെറ യുവത്വ കാലത്ത് കെ.സി. അബ്ദുറഹ്മാൻ ഹാജി പാവങ്ങൾക്കായി റമദാനിൽ നൽകിയിരുന്ന മൂടരി കഞ്ഞിയും പ്രദേശത്തുകാർക്ക് അനുഗ്രഹമായെന്ന് അദ്ദേഹം പറഞ്ഞു. പുതിയാപ്പിളമാരായി ഭാര്യ വീട്ടിൽ എത്തുന്നവർക്ക് ഇന്നത്തെ പോലെ വിഭവസമൃദ്ധമായ ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. ചീര കഞ്ഞിയും, നാടൻ കോഴിയും മാത്രമേ അധികം ഉണ്ടാവാറുള്ളൂ എന്ന് അബൂബക്കർ പറയുന്നു. റമദാനിൽ ഇരുവഴിഞ്ഞിപുഴയിലെ ചാടിക്കുളിയും നോമ്പുതുറയിലെ പത്തിരികഷണങ്ങൾക്കിടയിലെ കാരക്ക ചീളിനായുള്ള തിരച്ചിലും മറ്റുമായി ഒാർമകൾ അനവധിയാണെന്ന് അദ്ദേഹം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.