ബേപ്പൂർ തുറമുഖ വികസനം പ്രിൻസിപ്പൽ സെക്രട്ടറിയെത്തി പദ്ധതി വിലയിരുത്തി

ബേപ്പൂർ: ബേപ്പൂർ തുറമുഖ വികസനത്തിനായി നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ജയതിലക് ചർച്ച നടത്തി. തുറമുഖവും പരിസരവും വിശദമായി പരിശോധിച്ച ശേഷമായിരുന്നു പോർട്ട് ഓഫിസർ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തത്. നിലവിൽ ഒമ്പതു കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായിട്ടുണ്ടെങ്കിലും തുറമുഖ വികസനത്തിൽ ഏറ്റവും പ്രധാന ഘടകമായ വാർഫ് നീളം കൂട്ടൽ, വാർഫ് ബേസിൻ ആഴം വർധിപ്പിക്കൽ തുടങ്ങിയ പദ്ധതികളുൾപ്പെടെ മുഴുവൻ വിഷയങ്ങളും വകുപ്പ് സെക്രട്ടറി ചോദിച്ചറിഞ്ഞു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ്, സൂപ്രണ്ട് എൻ.കെ. അബ്ദുൽ മനാഫ് തുടങ്ങിയവരുമായി വിശദമായി വിവരങ്ങൾ ആരാഞ്ഞു. ഏറ്റെടുക്കുന്ന കോവിലകം ഭൂമിയുൾപ്പെടെ പരിശോധിച്ചു. തുറമുഖത്തി​െൻറ വിസ്തൃതി വർധിപ്പിക്കുന്നതിനായി ബേപ്പൂർ കോവിലകത്തിൽനിന്ന് ഏറ്റെടുക്കുന്ന 3.83 ഏക്കർ ഭൂമിയുടെ വിലയായ 25.25 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. കോവിലകം ഭൂമിയുടെ അവകാശികളായ 22 പേരിൽ 15 പേരുടെയും ആധാരങ്ങളും നിയമപരമായ പരിശോധനക്കയച്ചു. ഏഴു പേരിൽനിന്നാണ് ഇനി ആധാരങ്ങൾ ലഭിക്കാനുള്ളത്. ഈ ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം സിൽക്കിന് പാട്ടത്തിന് നൽകിയ 4.2 ഏക്കർ ഭൂമി തിരികെയെടുക്കുന്ന വിഷയവും ആലോചിച്ചുവരുകയാണ്. പോർട്ടിനോട് ചേർന്നുള്ള ഹാർബർ എൻജിനീയറിങ് വകുപ്പ് സബ് ഡിവിഷൻ ഓഫിസും പൊളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പകരം ഭൂമിയും ഹാർബർ എൻജിനീയറിങ് വിഭാഗത്തിന് ഓഫിസ് നിർമാണത്തിന് നൽകും. കോവിലകം, സിൽക്ക്, ഹാർബർ എൻജിനീയറിങ് വകുപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിൽനിന്നുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനായാൽ നിലവിലെ ബേപ്പൂർ തുറമുഖത്തി​െൻറ വികസന പ്രശ്നങ്ങൾക്കെല്ലാം വേഗത്തിൽ പരിഹാരമായേക്കും. ഇപ്പോൾ വാർഫ് നീളക്കുറവും നദീമുഖത്തെ ആഴക്കുറവും തുറമുഖത്ത് സുഗമമായി കപ്പലടുക്കുന്നതിന് വെല്ലുവിളിയാണ്. ഇതു പരിഹരിക്കുന്നതിനായി, വാർഫ് നീളം കൂട്ടൽ ഉൾപ്പെടുത്തിയുള്ള 100 കോടിയുടെ പദ്ധതി സർക്കാറി​െൻറ പരിഗണനയിലാണ്. തുറമുഖത്തെ ജലവിതരണ സംവിധാനത്തി​െൻറ വിപുലീകരണം, ഡ്രൈനേജ്, വാർഫ് അറ്റകുറ്റപ്പണി, പഴയ കവാടം പൊളിച്ചുനീക്കി വിസ്തൃതി വർധിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികൾക്ക് സർക്കാറി​െൻറ ഭരണാനുമതി മുമ്പേ ലഭിച്ചതാണ്. പതിവ് നിലയിലുള്ള ആഴം കൂട്ടലിന് ഉടൻ ടെൻഡർ ക്ഷണിക്കും. നിലവിൽ തുറമുഖ വികസനത്തിനായി 26 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഏതാണ്ട് 100 കോടി രൂപ ചെലവിൽ വാർഫ് 200 മീറ്റർ കൂടി പടിഞ്ഞാറ് ഭാഗത്തേക്ക് നീട്ടുന്നതിനാണ് ആലോചന. ഇതിനായി സർക്കാർ ചുമതലപ്പെടുത്തിയ ചെന്നൈ ഐ.ഐ.ടിയുടെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഹാർബർ എൻജിനീയറിങ് വകുപ്പിന് കൈമാറിയിരുന്നു. ഇപ്പോഴത്തെ വാർഫി​െൻറ പടിഞ്ഞാറെ അറ്റം മുതൽ നിലവിലെ ജങ്കാർജെട്ടിയുൾപ്പെടുന്ന പുലിമുട്ട് ബീച്ച് ഭാഗത്തേക്കായാണ് 20 മീറ്റർ വീതിയിൽ പുതിയ വാർഫ് നിർമിക്കാനുള്ള നിർദേശം ഉയർന്നുവന്നത്. ഈ നിർദേശങ്ങളുൾപ്പെടുന്ന വിശദ മാസ്റ്റർ പ്ലാനാണ് മുമ്പ് തുറമുഖ വകുപ്പിനുവേണ്ടി ഹാർബർ എൻജിനീയറിങ് വിഭാഗം സമർപ്പിച്ചിരുന്നതും. കടലും പുഴയുമായി ബന്ധപ്പെട്ട പ്രത്യേകയിടമായതിനാൽ സാങ്കേതിക നൂലാമാലകൾ ഉണ്ടാകാനുമിടയുണ്ട്. കോടികളുടെ പദ്ധതിയെന്ന നിലക്കും കടലിൽനിന്ന് പുഴയിലേക്കുള്ള ജലപ്രവാഹവും തിരയടിയും മറ്റു സാങ്കേതിക വശങ്ങളും വിശദമായി കൂടുതൽ ആധികാരികത ഉറപ്പാക്കി, പരാതികൾക്കിട വരാതെ റിപ്പോർട്ട് തയാറാക്കുന്നതിന് കൂടിയായിരുന്നു സർക്കാർ ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയത്. തുറമുഖത്തെ ഇൻറർനാഷനൽ ഷിപ്സ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡിന് (ഐ.എസ്.പി.എസ്)കീഴിലാക്കുന്നതി​െൻറ ഭാഗമായുള്ള പാസഞ്ചർ സെക്യൂരിറ്റി പരിശോധന കേന്ദ്രവും സജ്ജമാണ്. ഇതിനു പുറമെ വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം (വി.ടി.എം.എസ്.) കൂടി നേരത്തേ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബേപ്പൂർ തുറമുഖത്ത് വാർഫ് സൗകര്യം നന്നേ കുറവായതിനാൽ ദ്വീപ് യാത്രാ കപ്പലുകൾ, ചരക്ക് ബാർജുകൾ, കണ്ടയ്നർ കപ്പലുകൾ, ഉരുക്കൾ എന്നിവക്ക് ഒരേസമയം തുറമുഖത്ത് നങ്കൂരമിടാനാകാതെ കുഴങ്ങുകയാണ്. യാത്രാ കപ്പലും ഉരുവും തമ്മിൽ കൂട്ടിയുരസുന്ന അപകടാവസ്ഥയുമുണ്ട്. പലപ്പോഴും കൂറ്റൻ കെണ്ടയ്നർ കപ്പൽ ഉൾപ്പെടെ തുറമുഖത്തെ സ്ഥലപരിമിതി കാരണം തുറമുഖത്തടുപ്പിക്കുന്നത് താമസിപ്പിച്ച് കടലിൽ ഒന്നിലേറെ ദിവസം നങ്കൂരമിടുന്നതും പതിവാണ്. ഇതിന് ഏക പരിഹാരം വാർഫ് വിസ്തൃതി കൂട്ടുക തന്നെയാണ്. തുറമുഖം വഴി കെണ്ടയ്നർ കയറ്റിറക്ക് ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളും ദ്രുതഗതിയിലാണ്. ആഴ്ചയിൽ കൂടുതൽ ദിവസങ്ങളിലും കയറ്റിറക്ക് സംവിധാനമൊരുക്കി തുറമുഖത്തി​െൻറ വരുമാനം വർധിക്കുന്നതിനൊപ്പം മലബാറിലെ വ്യാപാര-വ്യവസായ മേഖലക്കും ഏറെ ഗുണകരമാകും. കപ്പൽമാർഗമുള്ള ചരക്കു കയറ്റിറക്കിന് സർക്കാർ ഇളവ് അനുവദിച്ചതും തുറമുഖ വികസനത്തിന് ഗുണകരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.