ആ നന്മമരങ്ങളെ കുറിച്ച് അവർ എഴുതി

പേരാമ്പ്ര: പ്രളയകാലത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി മാതൃക തീർത്ത ജൈസൽ ഉൾപ്പെടെയുളള നന്മ മരങ്ങളെ അടയാളപ്പെടുത്തുകയാണ് ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. പ്രളയത്തിൽനിന്ന് കേരളത്തെ കൈപിടിച്ചുയർത്തിയ നൂറുപേരെ കുറിച്ചാണ് വിദ്യാർഥികൾ എഴുതി പുസ്തകമാക്കിയത്. 'നന്മയുടെ പൂമരങ്ങൾ'എന്ന പുസ്തകത്തിൽ 100 വിദ്യാർഥികൾ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തിയ നൂറുപേരെ കുറിച്ച് 100 വിദ്യാർഥികളാണ് എഴുതിയത്. ഓരോരുത്തരെ കുറിച്ചുള്ള ചിത്രങ്ങളും വിദ്യാർഥികൾതന്നെ വരച്ചിട്ടുണ്ട്. പ്രളയബാധിതർക്ക് പുതപ്പ് നൽകിയ മധ്യപ്രദേശ് സ്വദേശി വിഷ്ണു, ഇരുനൂറിലധികം പേരെ കരകയറ്റിയ മെട്രോ ബിന്നി... ഇങ്ങനെ നാം അറിയുന്നവരും അറിയാത്തവരുമായ രക്ഷാപ്രവർത്തകർ ഈ വിദ്യാർഥികളുടെ രചനകളിലിടം നേടി. ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ കൊണ്ടുവന്ന പണം സ്വീകരിക്കുമ്പോൾ ഒരു വിദ്യാർഥിനി പണത്തോടൊപ്പം ഒരു കുറിപ്പും അധ്യാപകനു നൽകി. തമിഴ്നാട്ടുകാരിയായ അനുപ്രിയ എന്ന ബാലിക സൈക്കിൾ വാങ്ങുന്നതിനുവേണ്ടി നാലു വർഷമായി സ്വരുക്കൂട്ടിയ പണം കേരളത്തിലുള്ളവരെ സഹായിക്കുന്നതിനുവേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കഥയാണ് ആ കുറിപ്പിൽ ഉണ്ടായിരുന്നത്. ഇത് വായിച്ച അധ്യാപകരായ മോഹനൻ ചേനോളിയും ഡോ. സോമൻ കടലൂരും സ്കൂൾ ഭാഷാവേദിയുടെ നേതൃത്വത്തിൽ 'നന്മയുടെ പൂമരങ്ങൾ' ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. പുസ്തകത്തി​െൻറ മുഴുവൻ പ്രവൃത്തിയും വിദ്യാർഥികളെതന്നെ ഏൽപിച്ചു. അവരത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ഈ മാസം 26ന് ജില്ല കലക്ടർ യു.വി. ജോസ് ആണ് പ്രകാശനം ചെയ്യുന്നത്. പുസ്തകം വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.