പ്രാദേശിക വിനോദസഞ്ചാര വികസനത്തിന് പഞ്ചായത്തുകളിൽ പദ്ധതിയില്ല നഷ്​ടമാകുന്നത് വരുമാനവും തൊഴിൽ സാധ്യതകളും

ആയഞ്ചേരി: പ്രാദേശിക വിനോദസഞ്ചാര വികസനത്തിന് വൻ സാധ്യതയുണ്ടായിട്ടും കണ്ടെത്തി പദ്ധതി ആവിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാകാത്തത് വിമർശനത്തിന് ഇടയാക്കുന്നു. ഓരോ ഗ്രാമപ്രദേശത്തും ടൂറിസം വികസനത്തിനുള്ള സാധ്യതകളാണ് അധികൃതരുടെ പിടിപ്പുകേട് കാരണം നഷ്ടമാകുന്നത്. പഞ്ചായത്തുകൾക്ക് വരുമാനം വർധിപ്പിക്കാനും പുതിയ തൊഴിൽ മേഖല സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. ആയഞ്ചേരി തറോപ്പൊയിൽ ഭാഗത്തെ തുരുത്തുകളും കണ്ടൽക്കാടുകളും കാണാനും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്കൂൾ കുട്ടികളുൾപ്പെടെയുള്ളവർ എത്തുന്നുണ്ട്. വിശാലമായ വയലുകളും അവയുടെ ചുറ്റുമുള്ള തുരുത്തുകളും ഏവരെയും ആകർഷിക്കും. പൊലുത്തുരുത്തി, അരത്തുരുത്തി, വാളാഞ്ഞി, എലത്തുരുത്തി എന്നിവ പക്ഷികൾക്കും പ്രിയപ്പെട്ട പ്രദേശമാണ്. ദേശാടനപ്പക്ഷികളുടെ താവളമായ ഇവിടം സന്ദർശിക്കാൻ ജില്ലക്ക് പുറത്തുനിന്നുപോലും ആളുകളെത്തുന്നുണ്ട്. കൊക്ക് വർഗത്തിൽപെട്ട നിരവധി പക്ഷികളാണ് ഇവിടെ പ്രധാനമായുമുള്ളത്. ഒക്ടോബർ അവസാനത്തോടെ എത്തുന്ന ദേശാടനപ്പക്ഷികൾ കാലവർഷം തുടങ്ങുന്നതിനു മുമ്പായാണ് മടങ്ങുന്നത്. നൂറുകണക്കിന് പക്ഷികളുടെ കൂട്ടങ്ങളായാണ് ഇവ തുരുത്തുകളിൽ ചേക്കേറാനെത്തുന്നത്. ഇരതേടാൻ വെള്ളം നിറഞ്ഞ വയലുകളുള്ളതാണ് പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്ന മുഖ്യഘടകം. വേട്ടക്കാരിൽനിന്നുള്ള ഭീഷണിയും ഇല്ല. എലത്തുരുത്തി, വാളാഞ്ഞി പ്രദേശങ്ങളിലെ ഏക്കർ കണക്കിന് സ്ഥലത്തെ കണ്ടൽക്കാടുകളും പ്രാദേശിക ടൂറിസത്തിന് പറ്റിയ അന്തരീക്ഷമാണ്. തറോപ്പൊയിലിലെ തുരുത്തുകൾക്കൊപ്പം ആയഞ്ചേരി പഞ്ചായത്തിലെ തന്നെ അരൂർ മലയും തിരുവള്ളൂർ പഞ്ചായത്തിലെ തുരുത്തി പ്രദേശവും ചേർത്ത് പ്രാദേശിക വിനോദസഞ്ചാര മേഖലയാക്കി മാറ്റാൻ സാധിക്കും. കണ്ടൽക്കാടുകൾ നശിപ്പിക്കാനും വയലുകൾ നികത്താനും നിരവധി തവണ ശ്രമംനടന്നിട്ടുണ്ട്. ടൂറിസം മേഖലയാകുന്നതോടെ ഇത്തരം ജൈവവൈവിധ്യ ഭൂപ്രദേശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. തദ്ദേശ സ്ഥാപനങ്ങൾ ഇതൊരു േപ്രാജക്ടായി ഏറ്റെടുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.