കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ കിട്ടാനില്ല തൊട്ടിൽപാലത്ത് ബസുകൾ പകുതിയോളം ഓട്ടം നിർത്തി

കുറ്റ്യാടി: ഡീസൽ കിട്ടാനില്ലാത്തതിനാൽ തൊട്ടിൽപാലം ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ പകുതിയോളം ഓട്ടം നിർത്തി. മൂന്നു ദിവസത്തേക്ക് 12,000 ലിറ്റർ വേണ്ട സ്ഥാനത്ത് കഴിഞ്ഞ ദിവസം 8000 ലിറ്ററാണ് ലഭിച്ചത്. അത് പരമാവധി പിശുക്കി ഉപയോഗിക്കണമെന്ന നിർദേശമുള്ളതിനാലാണെത്ര ബസുകളുടെ ഷെഡ്യൂൾ വെട്ടിച്ചുരുക്കിയത്. അമ്പതിലേറെ ഷെഡ്യൂളാണ് ഇവിടെനിന്ന് ഓപറേറ്റ് ചെയ്യുന്നത്. കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡ്യൂട്ടി പരിഷ്കാരം കാരണം സമയത്തിനും നേരത്തിനും ബസ് ഓടിക്കാൻ ജീവനക്കാർക്ക് കഴിയാത്ത സ്ഥിതിയുണ്ടെന്നും പറയുന്നു. ബസുകൾ സർവിസ് വെട്ടിച്ചുരുക്കിയത് കുറ്റ്യാടി-വയനാട് യാത്രക്കാരെയാണ് ഏറെ കഷ്ടത്തിലാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ ഈ കുത്തകറൂട്ടിൽ നാലു ദിവസത്തോളമായി ബസുകൾ കുറവാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനും നാലിനും ഇടയിൽ രണ്ടു ബസുകൾ മാത്രമാണ് ഓടിച്ചതെന്ന് യാത്രക്കാർ പറയുന്നത്. സ്ഥിരം യാത്രക്കാരായ സ്കൂൾ കുട്ടികളും ജീവനക്കാരും വെള്ളിയാഴ്ച ലോറികളിലും മറ്റ് വാഹനങ്ങളിലുമായാണ് ലക്ഷ്യത്തിലെത്തിയതെന്നും പറയുന്നു. ചുരം ഭാഗത്ത് താമസിച്ച് കുറ്റ്യാടി, വയനാട് ഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഇപ്പോൾ ഏറെ വിഷമിച്ചാണ് സ്കൂളിലും വീടുകളിലും എത്തുന്നതെന്നും പറയുന്നു. വയനാട് ഭാഗത്ത് തൊണ്ടർനാട് വില്ലേജ് ഓഫിസിനടുത്തും കോറോം പെേട്രാൾ പമ്പിനടുത്തും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ബസുകൾ അടിഭാഗം തട്ടുന്ന സ്ഥിതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.