ബാബു പാടി, വേണ്ടുവോളം; ഒപ്പം ഈ തെരുവും

* നൂറിലേറെ കലാകാരന്മാരും കലാസ്നേഹികളും പ്രതിഷേധത്തെരുവിൽ സംഗമിച്ചു കോഴിക്കോട്: ''ഈ തെരുവ് ഞങ്ങളുടേതു കൂടിയാണ്. ഞങ്ങളും പാടും ഈ തെരുവിൽ. വിലക്കുന്നത് പാട്ടുമാത്രമല്ല; ആവിഷ്കാരങ്ങളുമാണ്, കീഴടങ്ങാനാവില്ല...'' വ്യാഴാഴ്ച ഉച്ചമുതൽ രാത്രിവരെ മിഠായിത്തെരുവിൽ ഉയർന്ന മുദ്രാവാക്യങ്ങളാണിത്. വാക്കുകളുടെ കനലിനൊപ്പം പ്രതിഷേധത്തി​െൻറ പാട്ടുകളും മുഴങ്ങിക്കേട്ടു. കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളും മണിക്കൂറുകൾക്കകം നിറഞ്ഞു. അധികാരത്തോടുള്ള പ്രതിഷേധ സമരം സർഗാത്മകതയുടെ രൂപമണിഞ്ഞ മണിക്കൂറുകളായിരുന്നു അത്. മിഠായിത്തെരുവിൽ സ്ഥിരമായി പാട്ടുപാടി അന്നത്തിന് വക കണ്ടെത്തുന്ന ബാബു ശങ്കറിനെയും ഭാര്യ ലതയെയും പൊലീസ് വിലക്കിയതിൽ പ്രതിഷേധിച്ചാണ് അതേ തെരുവിൽ ഒരുപാടു പേർ ആട്ടവും പാട്ടുമായി ഒത്തുചേർന്നത്. സഫ്ദർ ഹശ്മി നാട്യസംഘത്തി​െൻറ നേതൃത്വത്തിൽ നൂറിലേറെ കലാകാരന്മാരും കലാസ്നേഹികളും പ്രതിഷേധത്തെരുവിൽ സംഗമിച്ചു. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിയായ ബാബുവും കുടുംബവും കുറെ വർഷങ്ങളായി കോഴിക്കോട്ടാണ് താമസം. കഴിഞ്ഞ ദിവസം തെരുവിൽ പാട്ടുപാടുന്നതിനിടെയാണ് പൊലീസുകാരൻ തടഞ്ഞത്. പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് എം.കെ. മുനീർ എം.എൽ.എ ജില്ല കലക്ടർ യു.വി. ജോസുമായി നടത്തിയ ചർച്ചയിൽ പാട്ട് തുടരാൻ അനുമതി നൽകിയിരുന്നു. ബാബുവി​െൻറ കാര്യത്തിൽ മാത്രമല്ല, മിഠായിത്തെരുവിലെ പ്രതിഷേധങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും വിലക്കിടുന്ന നടപടിക്കെതിരെയാണ് സാംസ്കാരിക ലോകം ഒത്തുചേർന്നത്. ബാബുവിെന കൂടാതെ പങ്കെടുത്തവരും കണ്ടുനിന്നവരും നാടൻപാട്ടും മറ്റുമായി സായാഹ്നം വ്യത്യസ്തമാക്കി. ബേപ്പൂർ സുൽത്താൻ ബഷീർ, തെരുവി​െൻറ സ്വന്തം എസ്.കെ പൊറ്റെക്കാട്ട്, പ്രിയപ്പെട്ട പാട്ടുകാരൻ ബാബുരാജ്, കുതിരവട്ടം പപ്പു തുടങ്ങിയവരുടെ ചിത്രങ്ങളുയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. തായാട്ട് ബാലൻ, വിജി പെൺകൂട്ട്, കെ.‍എസ്. ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.