കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ഇരകളും യു.ഡി.എഫ് പ്രതിഷേധ സമരത്തില്‍

താമരശ്ശേരി: കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ഇരകളും യു.ഡി.എഫ് പ്രതിഷേധ സമരത്തില്‍ അണിനിരന്നു. മാതാപിതാക്കളും ഭാര്യയും മകനും സഹോദരിമാരുമടക്കം എട്ട് പേര്‍ മരിച്ച കുടുംബത്തിലെ കരിഞ്ചോല റാഫി യും ദുരന്തത്തില്‍ ഉപ്പയും ഉമ്മയുമടക്കം നാലുപേര്‍ നഷ്ടപ്പെട്ട് കോളിക്കലിലെ വാടക വീട്ടില്‍ കഴിയുന്ന കരിഞ്ചോല ജംഷിദുമാണ് വ്യാഴാഴ്ച താമരശ്ശേരിയില്‍ സംഘടിപ്പിച്ച യൂത്ത് ലീഗ് പ്രകടനത്തിലും യു.ഡി.എഫ് സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ ഉപരോധസമരത്തിലും പങ്കെടുത്തത്. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക പല കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ പിടിച്ചുവെക്കുകയാണെന്നും റാഫി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റാഫി ഇപ്പോള്‍ കൊട്ടാരക്കോത്ത് സഹോദരിയുടെ വീട്ടിലാണ് താമസം. ദുരന്തബാധിതര്‍ക്ക് വാഗ്ദാനംചെയ്ത വീട്ടുവാടക മാസങ്ങളായിട്ടും അധികൃതര്‍ ലഭ്യമാക്കിയിട്ടില്ലെന്നും വീട്ടുടമസ്ഥര്‍ വാടക ചോദിച്ചെത്തുന്നത് ഏറെ മനപ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും കരിഞ്ചോല ജംഷിദ് പറഞ്ഞു. കടംവാങ്ങി വീട്ടുവാടക നല്‍കേണ്ട ഗതികേടാണ് തങ്ങള്‍ക്കുള്ളതെന്നും വാടക വീടുകളില്‍ താമസിക്കുന്നവര്‍ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.