'അധികപ്രസംഗം' നടത്തി വത്സരാജ് ഗിന്നസ് സ്വന്തമാക്കി

ഫറോക്ക്: കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ നാലാം തീയതിവരെ ഫറോക്ക് നഗരസഭ ടൗൺഹാളിൽ വത്സരാജ് ഫറോക്ക് നടത്തിയ മാരത്തോൺ മോട്ടിവേഷൻ ക്ലാസിന് ഗിന്നസ് അധികൃതരുടെ അംഗീകാരം. തുടർച്ചയായി ഏറ്റവും കൂടുതൽ സമയം സംസാരിച്ചതിനുള്ള ലോക റെക്കോഡാണ് കോഴിക്കോട് ഫറോക്ക് സ്വദേശി വത്സരാജ് സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ഗിന്നസ് അധികൃതർ വത്സരാജിനെ വിവരം അറിയിച്ചത്. 81 മണിക്കൂറും 16 മിനിറ്റും തുടർച്ചയായി പ്രസംഗിച്ചുകൊണ്ടാണ് വത്സരാജ് കോട്ടയം സ്വദേശി ബിനു കണ്ണന്താനത്തി​െൻറ പേരിൽ നിലവിലുണ്ടായിരുന്ന 77 മണിക്കൂർ റെക്കോഡ് മറികടന്നത്. ഗിന്നസ് ദൗത്യം വിജയിപ്പിക്കുന്നതിനായി എൻജിനീയർ വേണുഗോപാൽ ചെയർമാനും പവിത്രൻ ആലമ്പറ്റ് കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മികച്ച ട്രെയിനറും പ്രാസംഗികനുമായ വത്സരാജ് ഫറോക്ക് നല്ലൂർ സ്വദേശിയും ജെ.വി അബാക്കസ് അക്കാദമി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമാണ്. മണ്ണൂർ കിഴക്കേപുരക്കൽ പരേതരായ അയ്യപ്പുട്ടി-നാരായണി ദമ്പതികളുടെ മകനാണ്. അനിത വത്സരാജാണ് ഭാര്യയും വിൻസി ഹൈസൺ, നാൻസി ഹൈസൺ, റസലിൻ ഹൈസൺ എന്നിവർ മക്കളുമാണ്. ഒരേ സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ രണ്ടുപേർ ഗിന്നസ് റെക്കോഡ് നേടുകയെന്ന അപൂർവ ബഹുമതിക്ക് ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിന് ഇതോടെ അർഹമായി. നേരത്തെ തബലയിൽ സുധീർ കടലുണ്ടി ഗിന്നസ് റെക്കോഡ് നേടിയിരുന്നു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.