വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന്

താമരശ്ശേരി: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനാണ് വ്യാഴാഴ്ച രാത്രി 11.15 ഓടെ ചുങ്കത്ത് അപകടത്തില്‍പെട്ടത്. സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഈ സമയം അപകടം നടന്ന പരിസരത്ത് താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ പൊലീസുകാര്‍ ഉണ്ടായിരുന്നത്രെ. എന്നാല്‍, പരിക്കേറ്റ് റോഡില്‍ തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായില്ല. തടിച്ചുകൂടിയ യാത്രക്കാരും നാട്ടുകാരും പൊലീസിനോട് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് വന്നുനോക്കാന്‍പോലും തയാറായില്ലെന്നാണ് പരാതി. പിന്നീട് അതുവഴി വന്ന സ്വകാര്യ കാറില്‍ പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയുമായിരുന്നു. വാഹനമിടിക്കുന്നതും ശേഷംനടന്ന മുഴുവന്‍ സംഭവങ്ങളും പൊലീസ് നിഷ്‌ക്രിയരായി നില്‍ക്കുന്നതുമെല്ലാം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.