അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി

ബേപ്പൂർ: രേഖകളില്ലാതെ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഹാർബർ പരിശോധനകൾക്കിടെ പിടികൂടി. മീൻപിടിത്ത ബോട്ടും സാമഗ്രികളും ബേപ്പൂർ മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗവും ഫിഷറീസ് ഉദ്യോഗസ്ഥരും ചേർന്ന് കസ്റ്റഡിയിലെടുത്തു. പുതിയാപ്പ ഹാർബറിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മൻറും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിവന്ന ബോട്ട് പിടികൂടിയത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുക്കുവൻകണ്ടി വീട്ടിൽ രാമകൃഷ്ണ​െൻറ ഉടമസ്ഥതയിലുള്ള 'കല്യാണി' ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. പ്രസ്തുത ബോട്ട് മത്സ്യബന്ധന ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്തിവരുകയായിരുന്നു. ബോട്ടിൽനിന്ന് കണ്ണിവലുപ്പം കുറഞ്ഞ വലയും പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ബേപ്പൂർ, പുതിയാപ്പ തുറമുഖങ്ങൾ കേന്ദ്രമായി ജുവനൈൽ ഫിഷിങ്ങും വളമത്സ്യത്തിനായി മാത്രം മത്സ്യബന്ധനവും വ്യാപകമായി നടക്കുന്ന പരാതിയെ തുടർന്നാണ് ഫിഷറീസ് വിഭാഗവും മറൈൻ എൻഫോഴ്സ്മ​െൻറ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയത്. ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ പി.കെ. രഞ്ജിനി, മറൈൻ എൻഫോഴ്സ്മ​െൻറ് സി.ഐ എസ്.എസ്. സുജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.പി. വിചിത്രൻ, ടി.പി. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുറമുഖത്തുണ്ടായിരുന്ന മറ്റു ബോട്ടുകളിലും പരിശോധന നടത്തിയെങ്കിലും വളത്തിനുപയോഗിക്കുവാനുള്ള ചെറു മത്സ്യങ്ങൾ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ബേപ്പൂർ ഹാർബറിൽ അർധരാത്രി നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചിരുന്നു. വളത്തിനായി മത്സ്യ ബന്ധനം നടത്തി വരുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മിന്നൽ പരിശോധന തുടരുമെന്നും ഫിഷറീസ് വകുപ്പി​െൻറയും മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗത്തി​െൻറയും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.