േവതനമില്ല; മെഡിക്കൽ കോളജിലെ കരാർ തൊഴിലാളികൾ ഇന്ന് സമരം ചെയ്യും

കോഴിക്കോട്: മെഡിക്കൽ കോളജിൽ മൂന്നുമാസമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികൾ പ്രത്യക്ഷസമരത്തിലേക്ക്. ചൊവ്വാഴ്ചയാണ് ഇവർ സമരത്തിനിറങ്ങുന്നത്. എൻ.എം.സി.എച്ചിലെയും ഐ.എം.സി.എച്ചിലെയും 250ലേറെ കരാർ തൊഴിലാളികളാണ് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസത്തെ വേതനം ലഭിക്കാതെ വലയുന്നത്. ശുചീകരണ തൊഴിലാളികൾ സമരത്തിനിറങ്ങുന്നത് മെഡിക്കൽ കോളജി​െൻറ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഇവരുടെ സേവനംകൊണ്ടാണ് ആശുപത്രിയിലെ വാർഡുകളും മറ്റും വൃത്തിയായി സൂക്ഷിക്കാനാവുന്നത്. സാധാരണഗതിയിൽ മാസം 15നുമുമ്പ് കരാർ തൊഴിലാളികളുടെ വേതനം ലഭിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പല ഒഴികഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് ജീവനക്കാർ പറയുന്നു. ഒരാഴ്ചക്കകം ഇവർക്കുള്ള വേതനം നൽകുമെന്ന് കഴിഞ്ഞ 26ന് സൂപ്രണ്ട് ഇൻചാർജ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും ഉറപ്പു പാലിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ സമര നോട്ടീസ് സൂപ്രണ്ടിന് നൽകിയത്. എന്നാൽ, ഫണ്ട് ലഭിക്കാനുള്ള കാലതാമസമാണ് വേതനം നൽകാൻ വൈകിക്കുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ആഴ്ചകൾക്കുമുമ്പ് പ്രിൻസിപ്പൽ ഓഫിസിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ബന്ധപ്പെട്ട ഫയൽ നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനിടയിൽ ഫിനാൻസ് ഹെഡിനെ മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതികക്കുരുക്ക് മൂലമാണ് ഫയൽ നീങ്ങാൻ വൈകിയതെന്നും നിലവിൽ ധനവകുപ്പിൽ എത്തിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ പറഞ്ഞു. തൊഴിലാളികളുടെ സ്ഥിതി കഴിഞ്ഞ 15ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ താനും പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രനും നേരിട്ട് ചെന്ന് ശ്രദ്ധയിൽപെടുത്തിയതായും ദിവസങ്ങൾക്കകം ഫണ്ടനുവദിക്കുമെന്നാണ് അറിയിച്ചതെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. സൂപ്രണ്ട് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിന്തുണ നൽകും. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.