കിസാൻ സഭയിൽ നിന്ന് വയൽക്കിളികളിലേക്ക്

കിസാൻ സഭയിൽനിന്ന് വയൽക്കിളികളിലേക്ക് സി.പി.എം അനുഭാവ കർഷക സംഘടനയായ ഒാൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടന്ന ഐതിഹാസികമായ കർഷക സമരം രാജ്യമെങ്ങും ശ്രദ്ധ നേടിയ സംഭവമായിരുന്നു. കേരളത്തിലെ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് സമരം റിപ്പോർട്ട് ചെയ്തത്. പുരോഗമന മൂല്യങ്ങളിൽ വിശ്വസിക്കുന്ന സർവരും ആ മുന്നേറ്റത്തെ അഭിവാദ്യം ചെയ്തു. മനുഷ്യരെ ഭിന്നിപ്പിച്ച് മുതലെടുത്ത് രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയം മേൽക്കൈ നേടിയ സമകാലിക സാഹചര്യത്തിൽ പ്രസക്തമായ സമരമായിരുന്നു അത്. രാജ്യത്തി​െൻറ നട്ടെല്ലായ കർഷകരുടെ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ആ സമരം മുന്നോട്ട് പോയതും വിജയിച്ചതും. സംഘ്പരിവാറി​െൻറ രൗദ്ര മുന്നേറ്റത്തി​െൻറ കാലത്ത് പ്രസക്തമായ കനപ്പെട്ട രാഷ്ട്രീയമാണ് കിസാൻ സഭയുടെ പ്രക്ഷോഭം മുന്നോട്ടുവെച്ചത്. മഹാരാഷ്ട്രയിലെ ആ പ്രക്ഷോഭ വിജയത്തി​െൻറ ആഹ്ലാദം മനസ്സിൽനിന്ന് പോകുന്നതിന് മുമ്പാണ് കേരളത്തിലെ കണ്ണൂരിൽ കർഷകരുടെ സമരത്തെ പൊലീസിനെയും പാർട്ടി പ്രവർത്തകരെയും ഇറക്കിവിട്ട് അടിച്ചമർത്തിയ നടപടിയുമുണ്ടാകുന്നത്. കണ്ണൂരിലെ കീഴാറ്റൂരിൽ ദേശീയപാത ബൈപാസിനു വേണ്ടി പ്രദേശത്തെ നെൽപാടം ഏറ്റെടുക്കുന്നതിനെതിരെ ദീർഘകാലമായി വയൽക്കിളികൾ എന്ന പേരിൽ പ്രാദേശിക കൂട്ടായ്മ സമരം സംഘടിപ്പിച്ചുവരുകയാണ്. സി.പി.എമ്മിന് മേധാവിത്വമുള്ള ഈ ഗ്രാമത്തിൽ ജനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ബൈപാസ് നിർമാണവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിനെതിരെ നേരത്തേ സി.പി.എമ്മുകാർതന്നെയായിരുന്ന നാട്ടുകാരാണ് വയൽക്കിളികൾ എന്ന സംഘടന രൂപവത്കരിക്കുന്നത്. കൃഷി നടക്കുന്ന വയൽ ഏറ്റെടുക്കരുതെന്നും ബദൽ വഴികൾ പരിഗണിക്കണമെന്നുമാണ് വയൽക്കിളികളുടെ ആവശ്യം. ഏതാനും മാസങ്ങൾക്കു മുമ്പ് സമരക്കാരുടെ ആവശ്യങ്ങൾ പഠിക്കാനും ബദൽ വഴികളെക്കുറിച്ച് ആലോചിക്കാനും ഉപസമിതിയെ സർക്കാർ നിശ്ചയിച്ചു. എന്നാൽ, ഇതേ റൂട്ടിൽകൂടിത്തന്നെ ബൈപാസ് നിർമിക്കാനാണ് ഉപസമിതി നിർദേശിച്ചത്. പ്രസ്തുത നിർദേശത്തെ മുൻനിർത്തി സ്ഥലം സർവേ ചെയ്യാൻ ബുധനാഴ്ച സർക്കാർ സംഘമെത്തി. ഇവരെ തടയാൻ സമരക്കാരും. ഡീസൽ ഒഴിച്ച് ആത്്മഹത്യ ചെയ്യാൻ ശ്രമിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൗതുകകരമായ കാര്യം, സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത ഉടനെ അവിടെയെത്തിയത് എന്തിനുംപോന്ന സി.പി.എം സംഘമായിരുന്നു എന്നതാണ്. വയൽക്കാവൽ എന്ന പേരിൽ ആഴ്ചകളായി പാടത്ത് കുടിൽകെട്ടി സമരം ചെയ്യുകയായിരുന്നു സമരക്കാർ. അവരുടെ സമരക്കുടിലുകൾ അടിച്ചുതകർക്കുകയും തീവെക്കുകയും ചെയ്തു സി.പി.എം പ്രവർത്തകർ. ഒരുനിലക്കും ന്യായീകരിക്കാൻ പറ്റാത്ത നടപടിയാണിത്. സ്വന്തം പാർട്ടി പ്രവർത്തകരെ ഇറക്കി മസിൽ പവർ കാണിച്ച് സർക്കാർ പദ്ധതികൾ നടപ്പാക്കുകയെന്ന നയം പിണറായി വിജയൻ സർക്കാറിനുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ജനാധിപത്യ സർക്കാർ സ്വീകരിക്കേണ്ട സമീപനമല്ല, കീഴാറ്റൂരിൽ സർക്കാർ പുലർത്തുന്നത് എന്ന് പറയാതിരിക്കാനാവില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിക്കെതിരെ കിടപ്പാടവും കൃഷിയിടങ്ങളും നഷ്ടപ്പെടുന്ന സാധാരണക്കാർ സമരത്തിനിറങ്ങിയപ്പോൾ ഇതേക്കാൾ മോശമായ രീതിയിലാണ് സർക്കാർ അവരെ നേരിട്ടത്. പ്രസ്തുത പ്രദേശങ്ങളിൽ മുസ്ലിം ജനവിഭാഗമാണ് കൂടുതലുള്ളത് എന്ന കാരണത്താൽ (മാത്രം) സമരത്തിന് തീവ്രവാദ മുദ്ര ചാർത്താനും സർക്കാറും സി.പി.എമ്മും സന്നദ്ധരായി. പോയിപ്പോയി ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമാണ് സമരക്കാരെ നയിക്കുന്നതെന്നു പോലും പ്രസ്താവിച്ചുകളഞ്ഞു സി.പി.എം നേതൃത്വം. കീഴാറ്റൂരിലെ സമരക്കാർക്കെതിരെ മതതീവ്രവാദ ആരോപണത്തിന് പകരം മാവോവാദി ആരോപണമാണ് സി.പി.എം ഉന്നയിക്കുന്നത്. ജനസാന്ദ്രത കൂടിയ കേരളത്തിൽ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്ന കാര്യം സങ്കീർണവും വൈകാരികവുമായ വിഷയമാണ്. വികസന പദ്ധതികൾ നമുക്ക് വേണ്ടെന്നുവെക്കാനാവില്ല. അതേസമയം, ഭൂമി നഷ്ടപ്പെട്ട മനുഷ്യരുടെ വേദനകളെ കാണാതിരിക്കാനും ആവില്ല. ഒപ്പം പാരിസ്ഥിതികമായ ആഘാതങ്ങളും ആലോചിക്കണം. അത്തരമൊരു സാഹചര്യത്തിൽ സൂക്ഷ്മമായി ആസൂത്രണം ചെയ്തില്ലെങ്കിൽ വികസന പദ്ധതികൾ പലവിധ സമരങ്ങളിലും നിയമക്കുരുക്കുകളിലും പെടും. വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങൾ അങ്ങനെയാണ് കേരളം മുഴുവൻ പരക്കുന്നത്. കണ്ണൂരിൽതന്നെ ദേശീയ ജലപാത നിർമാണവുമായി ബന്ധപ്പെട്ട് പാർട്ടി ഗ്രാമങ്ങളിൽ വരെ സമരങ്ങൾ രൂപപ്പെട്ടുവരുന്നുണ്ട്. മുക്കത്തെ ജനകീയ സമരത്തെ മതതീവ്രവാദം ആരോപിച്ച് അടിച്ചമർത്തിയതുപോലെ പാർട്ടി ഗ്രാമങ്ങളിലെ സമരങ്ങളെ അടിച്ചമർത്താൻ കഴിയില്ല. സി.പി.എമ്മി​െൻറ പ്രശ്നം, ജനകീയ സമരങ്ങളെ സംവാദാത്്മകമായി സമീപിക്കാനുള്ള ശേഷി അതിനില്ല എന്നതാണ്. തങ്ങളല്ലാത്തവരുടെ മുൻകൈയിൽ നടക്കുന്ന സമരങ്ങളെല്ലാം തീവ്രവാദവും മാവോവാദവുമാണ് എന്നാണ് അവരുടെ വെപ്പ്. അങ്ങനെ മുദ്രകുത്തിയ ശേഷം പൊലീസിനെയും പാർട്ടിക്കാരെയും ഉപയോഗിച്ച് അടിച്ചമർത്തും എന്നതാണ് അവരുടെ നിലപാട്. അതി​െൻറ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കീഴാറ്റൂരിൽ കണ്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കാനുള്ള സർവേ മലപ്പുറം ജില്ലയിൽ ഈ മാസം 19ന് തുടങ്ങുമെന്ന് ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. ഏറെ ജനസാന്ദ്രമായ പ്രദേശത്തുകൂടിയാണ് ഇത് കടന്നുപോവുന്നത്. ഇതും വലിയ സമരങ്ങളെ ക്ഷണിച്ചുവരുത്താനിടയുണ്ട്. അപ്പോൾ ഇത്തരം സമരങ്ങൾ ഉയർന്നുവരുമ്പോൾ സർക്കാർ കീഴാറ്റൂരിലും മുക്കത്തും സ്വീകരിച്ച അതേ സമീപനംതന്നെയാണോ സ്വീകരിക്കുക എന്നത് കണ്ടറിയേണ്ടതാണ്. എന്തുതന്നെയായാലും ജനകീയ സമരങ്ങളോട് അൽപംകൂടി മാന്യമായി പെരുമാറാൻ സർക്കാറും സി.പി.എമ്മും ഇനിയും പഠിച്ചിട്ടുവേണം. വികസന പദ്ധതികൾ ജനങ്ങൾക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ട് കുറച്ച് എങ്ങനെ മുന്നോട്ടു കൊണ്ടുപോവും എന്നതിനെക്കുറിച്ച് എല്ലാവരും കൂട്ടായി ആലോചിക്കുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.