ഫറോക്ക് കോമൺവെൽത്ത് ഓട്ടുകമ്പനിയിലെ തൊഴിലാളികളും പുതിയറയിൽനിന്നെത്തിയ തൊഴിലാളികളും തമ്മിൽ സംഘർഷം

ഫറോക്ക്: പൂട്ടിക്കിടക്കുന്ന പുതിയറയിലെ കോമൺവെൽത്ത് ഓട്ടുകമ്പനി തൊഴിലാളികൾ ഫറോക്കിലെ കോമൺവെൽത്ത് ഓട്ടുകമ്പനിക്കുള്ളിൽ സമരം ചെയ്യാനെത്തിയത് ഇവിടത്തെ തൊഴിലാളികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെയാണ് 25ഓളം വരുന്ന തൊഴിലാളികൾ കമ്പനിക്കുള്ളിൽ പ്രവേശിച്ചത്. രാവിലെ കമ്പനി മാനേജരെ കാണണമെന്നാവശ്യപ്പെട്ട് രണ്ടു തൊഴിലാളികൾ ആദ്യമെത്തുകയും 25ഓളം തൊഴിലാളികൾ കമ്പനിക്കുള്ളിൽ കയറുകയുമായിരുന്നു. ഇവരുടെ കൈവശം എ.ഐ.ടി.യു.സിയുടെ പതാകകളും കരുതിയിരുന്നു. കമ്പനി മാനേജറെ ഉപരോധിക്കാനാണ് തൊഴിലാളികളെത്തിയതെന്നാണ് സൂചന. ഇതറിഞ്ഞ കോമൺവെൽത്തിലെ തൊഴിലാളികൾ ചോദ്യംചെയ്തു. സംഘർഷവും കൈയാങ്കളിയും നടന്നു. മുൻകൂട്ടി നോട്ടീസ് നൽകാതെ സമരം നടത്തുന്നത് കീഴ്വഴക്കമില്ലാത്തതാണെന്നും കമ്പനി കോമ്പൗണ്ടിനു പുറത്ത് ഗേറ്റിനു സമീപത്താണ് സമരം നടത്തുന്നതെന്നും ഫറോക്കിലെ തൊഴിലാളികൾ വ്യക്തമാക്കി. പുതിയറയിലെ തൊഴിലാളികൾ സമരത്തിന് വരുന്നത് ഫറോക്കിലെ തൊഴിലാളികളോട് മറച്ചുവെച്ചു എന്നും ഞങ്ങൾ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ ജോലി ചെയ്യേണ്ടെന്ന് സമരക്കാർ പറഞ്ഞതായും ഫറോക്കിലെ തൊഴിലാളികൾ പറഞ്ഞു. ഇതാണ് ഫറോക്കിലെ തൊഴിലാളികളെ ക്ഷുഭിതരാക്കിയത്. ഫറോക്കിലെ തൊഴിലാളി യൂനിയൻ നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് പുതിയറയിലെ തൊഴിലാളികളെത്തിയത്. സമരത്തിനെത്തിയ മുഴുവൻ തൊഴിലാളികളെയും ഗേറ്റിന് പുറത്താക്കിയാണ് ഫറോക്കിലെ തൊഴിലാളികൾ രോഷം തീർത്തത്. നവീകരിച്ച കല്ലമ്പാറ-ചെമ്മിപാടം റോഡ് ഉദ്ഘാടനം ഫറോക്ക്: കല്ലമ്പാറ-ചെമ്മിപാടത്തെ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡ് ഉദ്ഘാടനം മുൻ ചെയർപേഴ്സൻ ടി. സുഹറാബി നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ലൈല ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ സ്ഥിരം സമിതി അധ്യക്ഷൻ ബി. സെയ്തലവി മുഖ്യാതിഥിയായിരുന്നു. ഡിവിഷൻ കൗൺസിലർ ഉമ്മുകുൽസു, പി.വി. സക്കരിയ, സി. അമീറലി, ഉസ്സൻകുട്ടി, മൊയ്തീൻ കുട്ടി, അബൂബക്കർ കുട്ടി, പാറക്കൽ അഹമ്മദ് കുട്ടി, വികസന സമിതി കൺവീനർ എം.ഇ. ഹസൻകോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.