കോഴിക്കോടൻ കപ്പൽക്കഥ തേടി വൈസ് അഡ്മിറൽ എ.ആർ. കർവെ

ചാലിയം: ഉരുവും യാനങ്ങളും രക്തക്കഥ തീർത്ത നാവിക പോരാട്ട ഭൂമിയിൽ തെക്കൻമേഖല നാവിക കമാൻഡ് വൈസ് അഡ്മിറൽ എ.ആർ. കർവെയുടെ ചരിത്രയാത്ര. ഭാരത ചരിത്രത്തിലെത്തന്നെ പഴക്കം ചെന്ന നാവികസേനയെ കാവൽ നിർത്തി രാജ്യം കാത്ത സാമൂതിരിനാടി​െൻറ സ്മരണകൾ തേടിയായിരുന്നു ഈ യാത്ര. പൗരാണിക കാലം മുതൽ കോഴിക്കോടി​െൻറ സമ്പന്നമായ കടൽക്കഥകൾ, ചൈനക്കാരും അറബികളും പാശ്ചാത്യ ശക്തികളുമൊക്കെ പങ്കുവെച്ച പറഞ്ഞാൽ തീരാത്ത വർത്തമാനങ്ങൾ നേരിട്ട് കേൾക്കാനാണ് അദ്ദേഹമെത്തിയത്. സുഹൃത്ത് കൂടിയായ ചാലിയം നിർദേശ് ഡയറക്ടർ ക്യാപ്റ്റൻ ബി. രമേശ് ബാബുവിനെ താൽപര്യം അറിയിച്ചപ്പോഴാണ് വൈസ് അഡ്മിറലി​െൻറ യാത്രയുണ്ടായത്. കൊച്ചി കമാൻഡ് ജി. പ്രകാശും അദ്ദേഹത്തെ അനുഗമിച്ചു. സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ, ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ എന്നിവരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പോർച്ചുഗീസ് കോട്ടയും ചാലിയം യുദ്ധവും കുഞ്ഞാലി മരക്കാന്മാരുടെ രണവീര്യവും മിശ്കാൽ, മുച്ചുന്തിപ്പള്ളി ചരിത്രങ്ങളുമൊക്കെ എം.ജി.എസ്. വിശദീകരിച്ചു. ഒമ്പതാം നൂറ്റാണ്ട് മുതൽ കോഴിക്കോടുള്ള വൈദേശികശക്തികളും പ്രാദേശികരും വിദൂരദേശക്കാരുമായ വർത്തകവിഭാഗങ്ങളും 'സത്യത്തി​െൻറ നഗരത്തെ'രൂപപ്പെടുത്തിയ കഥകൾ സാമൂതിരിയിൽ നിന്ന് കേട്ടറിഞ്ഞു. കൗതുകമൂറുന്ന തെക്കേപ്പുറം കിസ്സകൾ കൂട്ടുകുടുംബ തറവാടുകളിൽ കയറിത്തന്നെ മനസ്സിൽ കോറിയിട്ടു. പള്ളികൾ, മിഠായിത്തെരു, വലിയങ്ങാടി, ചർച്ചുകൾ, തളിക്ഷേത്രം, തിരുവണ്ണൂർ കോവിലകം എന്നിവിടങ്ങളും സന്ദർശിച്ചു. പി.ഐ. ഹാഷിമി​െൻറ ഉരു മ്യൂസിയം, ബേപ്പൂരിലെയും കരുവൻ തിരുത്തിയിലെയും ഉരുനിർമാണം എന്നിവ ചുറ്റിക്കണ്ടു. ഇത്രയും സമ്പന്നമായ നാവിക പൈതൃകത്തെ കെടാതെ സൂക്ഷിക്കാൻ നാവികസേനക്ക് എന്ത് ചെയ്യാനാകുമെന്ന ഗൗരവപൂർണമായ ചർച്ചക്ക് ത​െൻറ സന്ദർശനം പ്രയോജനപ്പെടുത്തുമെന്ന് വൈസ് അഡ്മിറൽ പറഞ്ഞു. നാവിക സേന പരിശീലനപരിപാടികളിൽ കോഴിക്കോടൻ നാവികചരിത്രം ഉൾപ്പെടുത്താൻ ശ്രമിക്കും. അദ്ദേഹം നാവികസേന വിമാനത്തിൽ ശനിയാഴ്ച കൊച്ചിക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.