ചെങ്ങോടുമല സംരക്ഷിക്കണം: വെള്ളിയൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് കത്തെഴുതി

പേരാമ്പ്ര: ചെങ്ങോടുമലയെ കരിങ്കൽ ഖനനത്തിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിക്കും വനംമന്ത്രി കെ. രാജുവിനും തുറന്ന കത്തയച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും ഒപ്പോടുകൂടിയാണ് കത്തയച്ചത്. പരിസ്ഥിതി ദുർബലപ്രദേശമായ ചെങ്ങോടുമലയിൽ ക്വാറിയും ക്രഷറും വന്നാൽ വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാവുമെന്ന് കുട്ടികൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചെങ്ങോടുമലയിലെ താഴ്വാരത്ത് അംഗൻവാടി മുതൽ പ്ലസ്ടുവരെയുള്ള 15ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ക്രഷർ യൂനിറ്റിൽനിന്നുള്ള ഖനനം ഈ വിദ്യാലയങ്ങളിൽപോലും പൊടിപടലങ്ങൾ എത്താൻ കാരണമാവും. ഇത് തങ്ങളെ സിലിക്കോസിസ് ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് അടിമകളാക്കുമെന്നും കത്തിൽ പറയുന്നു. ആദ്യഘട്ടത്തിലെ പ്രവർത്തനത്തിനുശേഷം രക്ഷിതാക്കളെയും സമീപ സ്കൂളുകളിലെ കുട്ടികളെയും സഹകരിപ്പിച്ച് മല സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. ബോധവത്കരണം, ഓപ്പൺ കാൻവാസ്, ഫ്ലാഷ് മോബ് എന്നിവ നടത്തും. 24ന് നടക്കുന്ന മല സംരക്ഷണ വലയത്തിൽ പങ്കെടുക്കാനും തീരുമാനിച്ചു. നൊച്ചാട് പോസ്റ്റ് ഒാഫിസിലെത്തി പോസ്റ്റ്മാൻ വി.കെ. ഭാസ്കരന് കുട്ടികൾ കത്ത് കൈമാറി. സാംസ്കാരിക പ്രവർത്തകൻ വി.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ടി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. എടവന ദാമോദരൻ, എം.സി. രാമചന്ദ്രൻ, കെ.എം. നസീർ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ചെനിൻ ഫ്രഡ് ഡാം, ലിയ റോസ്, മെഹറോസ്, അനീന, ദാനിഷ് മുഹമ്മദ്, ഹനാൻ സഹർ, ലയാ സുനിൽ എന്നിവർ നേതൃത്വം നൽകി. photo: KPBA 131 ചെങ്ങോടുമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിക്കുള്ള കത്ത് പോസ്റ്റ് ഒാഫിസിലെത്തി നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.