രാജ്യത്തെ ആദ്യ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പഞ്ചായത്താകാൻ മാവൂർ

മാവൂർ: ഒരുങ്ങുന്നു. ദേശീയ ശിശു വികസന കൗൺസിലി​െൻറ (എൻ.സി.ഡി.സി) സഹായത്തോടെയാണ് ദൗത്യം നടപ്പാക്കുന്നത്. 2019 സെപ്റ്റംബർ എട്ടിന് ലോക സാക്ഷരത ദിനത്തിൽ സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി സാക്ഷരത പ്രവർത്തനത്തിന് തിരഞ്ഞെടുത്ത വളൻറിയർമാർക്കുള്ള പരിശീലനം തുടങ്ങി. 18 വാർഡുകളിലും പ്രവർത്തിക്കാനാവശ്യമായ സേവന സന്നദ്ധരായ 90 യുവതീയുവാക്കളെയാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലിപ്പിക്കുന്നത്. ഇതിൽ 50 പേർക്കുള്ള പരിശീലനം കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തിൽ ആരംഭിച്ചു. വളൻറിയർമാർ അതാത് വാർഡുകളിലെ സന്നദ്ധ സംഘടന പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും സഹകരണത്തോടെ സർവേ നടത്തുന്നതോടെയാണ് പദ്ധതി പ്രവർത്തനം തുടങ്ങുക. സർവേയിലൂടെ കണ്ടെത്തുന്ന ഏഴ് മുതൽ 70 വയസ്സ് വരെയുള്ള ഇംഗ്ലീഷ് ഭാഷ നിരക്ഷരർക്ക് ക്ലാസുകൾ സംഘടിപ്പിക്കുകയാണ് തുടർന്ന് ചെയ്യുക. വാർഡുതലത്തിൽ വളൻറിയർമാർ ജനറൽ കൺവീനറും വാർഡ് മെംബർ ചെയർമാനുമായി കമ്മിറ്റികൾ രൂപവത്കരിക്കും. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ കണ്ടെത്തുക. വാർഡിൽ ഏറ്റവും സൗകര്യപ്രദവും ആളുകൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്നതുമായ സ്ഥലത്തായിരിക്കും പഠനകേന്ദ്രം. വിവിധ സമയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. ഒരാൾക്ക് 150 മണിക്കൂർ നീളുന്ന ക്ലാസ് നൽകും. ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ് സൃഷ്ടിക്കും. പഠനസാമഗ്രികളും വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 11ന് പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കും. നിരവധി പഞ്ചായത്തുകളെ സമീപിച്ചെങ്കിലും കൂടുതൽ താൽപര്യം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് മാവൂരിനെ പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് പ്രോജക്ട് കോഒാഡിനേറ്റർമാരായ അഡ്വ. വിജി ഗണേശും ഡോ. ശ്രുതി അഖിലേഷും പറഞ്ഞു. വളൻറിയർമാർക്കുള്ള ആറു ദിവസത്തെ പരിശീലനത്തിന് എൻ.സി.ഡി.സിയുടെ മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടറാണ് നേതൃത്വം കൊടുക്കുന്നത്. പരിശീലനത്തി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാക്ക്, തുടർ വിദ്യാഭ്യാസ കേന്ദ്രം പ്രേരക് പി.എം. സുബൈദ എന്നിവർ സംസാരിച്ചു. റിൻസി മഠത്തിൽ സ്വാഗതവും ശ്രുതി അഖിലേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.