നാടൻ ആടുകളെ കിട്ടാനില്ല; ഗ്രാമങ്ങളിൽ ആട്ടിറച്ചി വ്യാപാരം ഇല്ലാതാവുന്നു

ചേളന്നൂർ: ഗ്രാമങ്ങളിൽ ആട്ടിറച്ചി വ്യാപാരം ഇല്ലാതാവുന്നു. നാടൻ ആടുകളെ ലഭിക്കാതാവുകയും അന്യസംസ്ഥാന ആടുകൾക്ക് വില വർധിക്കുകയും ചെയ്തതോടെ ചെറുകിടവ്യാപാരികൾ ഇൗ മേഖല കൈയൊഴിഞ്ഞതാണ് കാരണം. വർഷങ്ങൾക്ക് മുമ്പ് ഒാരോ ഗ്രാമകേന്ദ്രത്തിലും ആട്ടിറച്ചി വ്യാപാരം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആട്ടിറച്ചിക്കുവേണ്ടി 10ഉം 15ഉം കിലോമീറ്റർ യാത്രചെയ്യേണ്ട അവസ്ഥയാണ്. കക്കോടി, ചേളന്നൂർ, കാക്കൂർ, അമ്പലത്തുകുളങ്ങര, പാലത്ത്, ചെറുകുളം ഭാഗങ്ങളിലെ ദിവസേനയുള്ള ഇറച്ചിവ്യാപാരം നിന്നു. അമ്പലത്തുകുളങ്ങരയിലും ചീക്കിലോട്ടും ഞായറാഴ്ചകളിൽ മാത്രം ഇറച്ചി ലഭിക്കുന്ന അവസ്ഥയാണ്. നഗരങ്ങളിൽ മാത്രമേ ഇപ്പോൾ ആട്ടിറച്ചി ദിവസവും ലഭിക്കൂ എന്ന അവസ്ഥയാണ്. ബാലുശ്ശേരി, ചേളന്നൂർ, കക്കോടി എന്നിവിടങ്ങളിൽ ദിവസവും ഇറച്ചി ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ബാലുശ്ശേരിയിൽ മാത്രമായി ഒതുങ്ങി. ചേളന്നൂർ, കക്കോടി ഭാഗങ്ങളിലുള്ളവർ നടക്കാവിലോ മലാപ്പറമ്പിലോ നരിക്കുനിയിലോ പോകേണ്ട അവസ്ഥയാണ്. അറവിനായി നഗരങ്ങളിലെത്തുന്നവയിൽ ഭൂരിഭാഗവും കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും കൊണ്ടുവരുന്നവയാണ്. നാടൻ ആടുകളെ ലഭിക്കാതായതോടെയാണ് പലരും ഇൗ മേഖലയിൽനിന്ന് വിട്ടുപോയതെന്ന് മലാപ്പറമ്പിലെ ആട്ടിറച്ചി വ്യാപാരി മമ്മദ് കോയ പറയുന്നു. അമ്പതു വർഷത്തിലേറെയായി ഇവിടെ വ്യാപാരം നടത്തുന്ന ഇദ്ദേഹം ദിനേന 25 കിലോയോളം മാംസം സാധാരണദിവസങ്ങളിൽ വിൽക്കാറുണ്ടത്രെ. ഞായറാഴ്ചകളിൽ നൂറുകിലോയോളം വിൽക്കുമെന്ന് ഇദ്ദേഹം പറയുന്നു. കിലോക്ക് 500 മുതൽ 520 രൂപവരെയാണ് ആട്ടിറച്ചിയുടെ വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.