മനുഷ്യച്ചങ്ങലയിൽ പ്രതിഷേധമിരമ്പി

ബാലുശ്ശേരി: കിനാലൂരിലെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ നാട്ടുകാർ തീർത്ത മനുഷ്യച്ചങ്ങലയിൽ പ്രതിഷേധമിരമ്പി. അഞ്ച് ജില്ലകളിൽനിന്നുള്ള ആശുപത്രി മാലിന്യ സംസ്കരണത്തിനായി സ്വകാര്യ കമ്പനി കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ കിനാലൂർ ജനകീയ സമരസമിതി കഴിഞ്ഞ 10 ദിവസമായി നടത്തിവരുന്ന പ്രതിഷേധ സമരത്തി​െൻറ ഭാഗമായാണ് വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധ മനുഷ്യച്ചങ്ങല തീർത്തത്. കിനാലൂർ വട്ടക്കുളങ്ങര മുക്ക് മുതൽ എല്ലക്കണ്ടി അങ്ങാടിയിലെ വ്യവസായ വികസന കേന്ദ്രം ഒാഫിസിന് സമീപം വരെ രണ്ടു കിലോമീറ്റർ ദൈർഘ്യത്തിലായിരുന്നു മനുഷ്യച്ചങ്ങല തീർത്തത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് കണ്ണികളായത്. രണ്ടു വയസ്സുകാരി റിച്ച ബർഗയായിരുന്നു ആദ്യത്തെ കണ്ണി. അവസാനത്തെ കണ്ണി 90കാരനായ താഴെമഠത്തിൽ അബൂബക്കർ ഹാജിയും. വൈകീട്ട് 4.30 മുതൽ 4.45 വരെ നീണ്ടുനിന്ന മനുഷ്യച്ചങ്ങലയിൽ പെങ്കടുത്തവരെല്ലാം മാലിന്യ പ്ലാൻറ് വരുന്നതുകൊണ്ടുള്ള പരിസ്ഥിതി നാശത്തിനെതിരെ പ്രതിജ്ഞയുമെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം, സി.പി.എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുപൊയിൽ, ബി.ജെ.പി ജില്ല സെക്രട്ടറി എൻ.പി. രാമദാസ്, സി.കെ. ബാലകൃഷ്ണൻ, ദിനേശൻ പനങ്ങാട്, ഷാജി കെ. പണിക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഉസ്മാൻ, ആർ. ഇസ്മായിൽ, കെ.കെ. ബാബു, കെ. ചന്ദ്രൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈമ കോറോത്ത്, ബിന്ദു കൊത്തോളി, മുഹമ്മദ് കോട്ടയിൽ, വി.കെ. നാസർ, മുഹമ്മദ്, എ.ഡി. ബൈജു എന്നിവരും വിവിധ വാർഡുകളിലെ കുടുംബശ്രീ ഭാരവാഹികളും കണ്ണികളായി. കൊടുംവെയിലിനെ വകവെക്കാതെ നാലുമണിയോടെ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘങ്ങൾ മനുഷ്യച്ചങ്ങലയിൽ കണ്ണികളാകാനായി വിവിധ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.