മിഠായിതെരുവിലെ പരിപാടികൾ നിയന്ത്രിക്കണമെന്ന് കൗൺസിൽ

കോഴിക്കോട്: നവീകരിച്ച മിഠായിതെരുവിലേക്ക് പ്രവേശനം തടസ്സപ്പെടുത്തുന്ന രീതിയിൽ എസ്.കെ സ്ക്വയറിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വലിയ ജനക്കൂട്ടമുള്ള പരിപാടികൾ അനുവദിക്കാനാവില്ലെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. കോർപറേഷ​െൻറ അനുമതിയും യാതൊരു നിയന്ത്രണവുമില്ലാതെ എസ്.കെ സ്ക്വയറിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് ഉചിതമല്ലെന്നും വലിയ സ്റ്റേജുകള്‍ കെട്ടി പരിപാടികള്‍ നടത്തുമ്പോള്‍ തെരുവിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി കൗൺസിലർ നമ്പിടി നാരായണൻ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പല പരിപാടികളും ഇത്തരത്തിൽ അനുമതിയൊന്നും വാങ്ങാതെ എസ്.കെ സ്ക്വയറിൽ നടക്കുന്നുണ്ട്. അടുത്ത ദിവസം ഒരു കൂട്ടായ്മ കലാഭവൻ മണി അനുസ്മരണ പരിപാടി സംഘടിപ്പിക്കാനിരിക്കുന്നുണ്ട്. ധാരാളം പേർ പങ്കെടുക്കുന്ന ഇത്തരം പരിപാടികൾ മിഠായിെതരുവിലെ ഓപൺ സ്റ്റേജിൽ നടത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗൺസിലർ പി. കിഷൻചന്ദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് എന്നിവർ ഇക്കാര്യത്തിൽ പിന്തുണച്ചു. കോർപറേഷൻ ഓഫിസിനുമുന്നിലെ ഓപൺസ്റ്റേജിലും ഇത്തരത്തിൽ പരിപാടികൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ബാബുരാജ് പറഞ്ഞു. ചെറിയ സാംസ്കാരിക പരിപാടികൾ നടത്താനാണ് അനുമതി നൽകിയതെന്നും വലിയ പരിപാടികൾ നി‍യന്ത്രിക്കേണ്ടതുണ്ടെന്നും മേയർ മറുപടി നൽകി. ധാരാളം ആസ്വാദകരുള്ള കലാഭവൻ മണി അനുസ്മരണ പരിപാടി പോലുള്ളവ അവിടെ നടത്താനാവില്ല. എസ്.കെ സ്‌ക്വയറില്‍ നടക്കുന്ന പല പരിപാടികളും മിഠായിതെരുവിലെത്തുന്നവര്‍ക്ക് ശല്യമായി മാറുന്നുണ്ട്, പലര്‍ക്കും ഇതുകാരണം തെരുവിലേക്ക് പ്രവേശിക്കാനാവുന്നില്ല. വലിയ സ്റ്റേജ് ഒരുക്കുകയും കസേരകള്‍ കൊണ്ടുവന്നിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ആവശ്യമെങ്കിൽ ഇത്തരം പരിപാടികൾക്ക് മാനാഞ്ചിറ വിട്ടുകൊടുക്കാമെന്നും ഇക്കാര്യത്തിൽ പരിശോധന നടത്തേണ്ടതുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. സി.കെ. സീനത്ത്, കെ. നിഷ, ഷമീൽ തങ്ങൾ, കറ്റടത്ത് ഹാജറ, പി. ബിജുലാൽ, എം. കുഞ്ഞാമുട്ടി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. 97 അജണ്ടകളിൽ 95 എണ്ണവും അവതരിപ്പിക്കപ്പെട്ട രണ്ട് പ്രമേയങ്ങളിൽ ഒന്നും കൗൺസിൽ പാസാക്കി. ഷുഹൈബ് വധത്തെച്ചൊല്ലി കൗൺസിലിൽ ബഹളം കോഴിക്കോട്: കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ പ്രമേയമവതരിപ്പിച്ചത് ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ ബഹളത്തിനിടയാക്കി. രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്ത് നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യമാണെന്നും ഷുഹൈബി​െൻറ കൊലപാതകത്തിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടണമെന്നും കാണിച്ച് അവതരിപ്പിച്ച പ്രമേയമാണ് തർക്കങ്ങൾക്കിടയാക്കിയത്. കോൺഗ്രസ് കൗൺസിലറായ വിദ്യ ബാലകൃഷ്ണനാണ് അവതരിപ്പിച്ചത്. എന്നാൽ, അന്ധമായ രാഷ്ട്രീയ വി‍യോജിപ്പാണ് പ്രമേയത്തിനു പിന്നിലെന്നും തള്ളിക്കളയണമെന്നും വാദിച്ച് ഭരണപക്ഷങ്ങൾ രംഗത്തെത്തി. കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, എം.എം. പത്മാവതി, ടി.സി. ബിജുരാജ് തുടങ്ങിയവർ കടുത്ത എതിർപ്പു പ്രകടിപ്പിച്ചും എതിർ കക്ഷികളായ ഷമീൽ തങ്ങൾ, പി. ഉഷാദേവി, കെ.ടി. ബീരാൻകോയ, നമ്പിടി നാരായണൻ തുടങ്ങിയവർ പ്രമേയത്തെ അനുകൂലിച്ചും വിവിധ വാദങ്ങൾ നിരത്തി. ആരോപണ-പ്രത്യാരോപണങ്ങൾ വർധിച്ചതോടെ യോഗം ഏറെ നേരം ബഹളത്തിൽ മുങ്ങുകയായിരുന്നു. മുക്കാൽ മണിക്കൂറോളം നടന്ന വാഗ്വാദം പിന്നീട് വോട്ടെടുപ്പിലൂടെയാണ് അവസാനിപ്പിച്ചത്. 44 പേർ പ്രമേയത്തെ എതിർത്തും 23 പേർ അനുകൂലിച്ചും വോട്ടു ചെയ്തതോടെ പ്രമേയം തള്ളിക്കളയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.