ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ നിപ വൈറസ്​ ഭീതി അകറ്റുന്നതിനായി കർമപദ്ധതി തയാറാക്കും

ബാലുശ്ശേരി: നിയോജക മണ്ഡലത്തിൽ നിപ വൈറസ് ഭീതി അകറ്റുന്നതിനായി കർമപദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ബാലുശ്ശേരി നിയോജക മണ്ഡലം പരിധിക്കുള്ളിലെ നിപ രോഗഭീതി അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിപ വൈറസ് ബാധിച്ച് ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ മൂന്നു പേർ മരിക്കാനിടയായ സാഹചര്യത്തിൽ രോഗഭീതി അകറ്റി സാധാരണ ജീവിതത്തിലേക്ക് ജനങ്ങളെ കൊണ്ടുവരാനും ഭാവിയിൽ ഇത്തരം മാരകമായ രോഗഭീതി വരാതിരിക്കാനുമുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൂട്ടിതന്നെ ഉൗർജിതപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടു പേർ നിപ വൈറസ് ബാധയെ തുടർന്ന് മരിച്ചത് ബാലുശ്ശേരിയിലും പരിസരത്തും ഏറെ ആശങ്ക പരത്തിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളുടെയും വിവിധ ആരോഗ്യ പ്രവർത്തകരുടെയും രാഷ്ട്രീയ കക്ഷികളുടെയും സർവകക്ഷി യോഗം വിളിച്ചുചേർത്തത്. 13, 14 തീയതികളിൽ പഞ്ചായത്തുതല യോഗം വിളിച്ചുചേർത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കും. 12,13 തീയതികളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പി.ടി.എ മുഖാന്തരം സ്കൂൾ പരിസരങ്ങളും സ്കൂൾ ടോയ്ലറ്റുകൾ, ഭക്ഷണ നിർമാണശാല, കിണറുകൾ എന്നിവ ശുചീകരിച്ച് കുറ്റമറ്റതാക്കും. 20ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ശുചീകരണ, ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും യോഗത്തിൽ തീരുമാനമായി. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക ജാഗ്രത പുലർത്താനും തീരുമാനിച്ചിട്ടുണ്ട്. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഡി.എം.ഒ ഡോ. വി. ജയശ്രീ, മെഡിക്കൽ ഒാഫിസർ ഡോ. രൂപ, ബാലുശ്ശേരി, പനങ്ങാട്, ഉള്ള്യേരി, അത്തോളി, നടുവണ്ണൂർ, കോട്ടൂർ, കായണ്ണ, കൂരാച്ചുണ്ട്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.