നാദാപുരത്ത് ആരോഗ്യ ബോധവത്​കരണം തകൃതി; ഗ്രാമപഞ്ചായത്തി​െൻറ സ്വന്തം കിണർ ശുചിത്വ ഭീഷണിയിൽ

നാദാപുരം: മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾ വ്യാപകമായതിനിടയിൽ ടൗണിലെ ഗ്രാമപഞ്ചായത്ത് വക പൊതുകിണർ രൂക്ഷമായ ശുചിത്വ ഭീഷണിയിൽ. വടകര റോഡിലെ കിണറാണ് അധികൃതരുടെ നിസ്സംഗതയിൽ പൊതുജനങ്ങൾക്ക് ആരോഗ്യഭീഷണി ഉയർത്തുന്നത്. ടൗണിലെ ഹോട്ടലുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം എടുക്കുന്നത് ഈ കിണറ്റിൽനിന്നാണ്. കിണറി​െൻറ പരിസരമാകെ മാലിന്യം കൂട്ടിയിട്ട് വൃത്തിഹീനമായ അവസ്ഥയിലാണുള്ളത്. മഴ തുടങ്ങുന്നതിനു മുമ്പായി കിണർ ശുചീകരണം നടത്തിയിട്ടില്ല. വെള്ളം ക്ലോറിനേറ്റ് ചെയ്യുകയോ കിണർ വലയിട്ട് മൂടുകയോ ചെയ്തിട്ടുമില്ല. കിണറിനു ചുറ്റും മുകളിലുമായി നിറയെ പരസ്യ ബോർഡുകളാണ്. പരിസരത്ത് കുമിഞ്ഞുകൂടിയ മാലിന്യ അവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിത്തുറന്ന് കിണറ്റിലിടാൻ സാധ്യതയേറെയാണ്. ഇപ്പോൾ തന്നെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കിണറിലുണ്ട്. ചോദിക്കാനും പറയാനും ആരും ഇല്ലാതായതോടെ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പരസ്യ ബോർഡുകൾ കിണർ കൈയടക്കിയിരിക്കുകയാണ്. വീടുകളിൽ കയറി ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പും കുടുംബശ്രീ പ്രവർത്തകരും കിണർവെള്ളം ശുചിയായി സംരക്ഷിക്കാൻ ബോധവത്കരണവും ബ്ലീച്ചിങ് പൗഡർ വിതരണവും തകൃതിയായി നടത്തുന്നതിനിടയിലാണ് പഞ്ചായത്തി​െൻറ സ്വന്തം കിണർ മാലിന്യകേന്ദ്രമായി ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്നത്. നാദാപുരം ടൗണിൽ നേരത്തേ മൂന്നു പൊതുകിണറുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഒന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി അന്യാധീനപ്പെട്ടു. അവശേഷിക്കുന്ന രണ്ടെണ്ണത്തിൽ ഒന്നി​െൻറ സ്ഥിതിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.