വടക്കൻ മലബാറിലെ വലിയ മലയോരപാത വരുന്നു പുള്ളുവയിൽ - കല്ലാച്ചി- കക്കാടംപൊയിൽ ഹൈവേക്ക് ഭരണാനുമതി

തിരുവമ്പാടി: വടക്കൻ കേരളത്തിലെ ഏറ്റവും വലിയ മലയോര ഹൈവേയുടെ ആദ്യ ഘട്ടത്തിന് ഭരണാനുമതി. കിഫ്ബിയിൽ പദ്ധതിക്ക് 144 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തി​െൻറ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീണ്ടുകിടക്കുന്ന മലയോര പ്രദേശത്തു കൂടി കടന്നുപോകുന്നതാണ് മലയോരപാത. കിഫ്‌ബി വഴി 3500 കോടി രൂപയാണ് നിർമാണത്തിന് നീക്കിവെച്ചത്. കോഴിക്കോട് -വയനാട് ജില്ല അതിർത്തിയായ പുള്ളുവയിൽ നിന്നാരംഭിക്കുന്നതാണ് ഹൈവേ. കല്ലാച്ചി, തൊട്ടിൽപ്പാലം, വിലങ്ങാട്, മലപുറം, അമ്പായത്തോട്, കോടഞ്ചേരി, പുല്ലൂരാംപാറ, കൂടരഞ്ഞി, കൂമ്പാറ, അകംപുഴ, കക്കാടംപൊയിൽ എത്തുന്നതാണ് നിർദിഷ്ട റോഡ്. മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി - കക്കാടംപൊയിൽ പാതക്കാണ് ഭരണാനുമതി ലഭിച്ചത്. 33.60 കി.മീ ദൂരമുള്ളതാണ് ആദ്യ റീച്ച്. മലയോര മേഖലയിൽ നിലവിലുള്ള വിവിധ റോഡുകൾ യോജിപ്പിച്ചാണ് പാത വികസിപ്പിക്കുന്നത്.12 മീറ്റർ വീതിയിലായിരിക്കും റോഡ് നിർമാണം. നിലവിലുള്ള റോഡ് വീതി വർധിപ്പിക്കാനായി വശങ്ങളിലെ ഭൂവുടമകൾ സൗജന്യമായി ഭൂമി വിട്ട് നൽകുമെന്ന് തിരുവമ്പാടി പൊതുമരാമത്ത് അസി. എൻജിനീയർ സി.കെ. സുരേഷ് ബാബു പറഞ്ഞു. റോഡ് പ്രവൃത്തിക്ക് സൗജന്യമായി ഭൂമി വിട്ടുനൽകുമ്പോൾ പൊളിച്ചുമാറ്റേണ്ടിവരുന്ന നിർമിതികൾ പുനർനിർമിച്ച് നൽകും. ഇതിനുള്ള ചെലവ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്‌ബി തയാറാക്കിയിരിക്കുന്ന മാന്വൽ അനുസരിച്ചാണ് മലയോര ഹൈവേയുടെ നിർമാണം. കുറഞ്ഞത് ഏഴ് മീറ്ററാണ് ടാറിങ് വീതി. പ്രകൃതിജന്യ റബർപാൽ കൂട്ടിച്ചേർത്തുണ്ടാക്കിയ ബിറ്റുമിൻ ഉപയോഗിച്ചതാണ് ഉപരിതലം നിർമിക്കുക ഇരുവശങ്ങളിലും ആവശ്യമായിടത്തെല്ലാം ഡ്രെയിനേജ്, ഭൂഗർഭ കേബിളുകളും പൈപ്പുകളും ഇടുന്നതിന് കോൺക്രീറ്റ് ഡക്ടുകൾ, നിശ്ചിതദൂരം ഇടവിട്ടു ക്രോസ് ഡക്ടുകൾ എന്നിവ പണിയും. പ്രധാനപ്പെട്ട അങ്ങാടികളിലും കവലകളിലും ഇൻറർലോക്ക് കട്ടകൾ പാകി കൈവരികളോട് കൂടിയ നടപ്പാതകൾ, സൗരോർജ ഇലക്ട്രിക് തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കും. പാതയോരങ്ങളിൽ സൗകര്യമുള്ളിടത്ത് വിശ്രമിക്കാൻ പുൽത്തകിടികളും െബഞ്ചുകളും സ്ഥാപിക്കും. ബസ്‌ബേകൾ,വൈയ്റ്റിങ് ഷെഡുകൾ എന്നിവയും കക്കാടംപൊയിലിൽ പൊലീസ്-മോട്ടോർ വെഹിക്കിൾ എയ്ഡ്‌പോസ്റ്റും പാതയോടനുബന്ധിച്ച് നിർമിക്കും. കൂടുതൽ സ്ഥലം ലഭ്യമാകുന്നിടങ്ങളിൽ ടോയ്ലറ്റ്, കിയോസ്കുകൾ തുടങ്ങിയ സൗകര്യവും ഏർപ്പെടുത്തും. പ്രകൃതിജന്യ വിഭവങ്ങളുപയോഗിച്ച് മണ്ണിന് ഉറപ്പുവർധിപ്പിക്കാനുള്ള പുതിയ വിദ്യ ഉപയോഗപ്പെടുത്തും. അതിനായി കുമ്മായം, കയർ ഭൂവസ്ത്രം എന്നിവ ഉപയോഗിക്കും. അതുവഴി കരിങ്കൽ വിഭവങ്ങളുടെ ഉപഭോഗം ഗണ്യമായി കുറക്കാൻ കഴിയും. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതി​െൻറ ഭാഗമായി നാല് കിലോമീറ്റർ പ്ലാസ്റ്റിക് റോഡ് നിർമിക്കും. കൂടുതൽ സ്ഥലം ലഭ്യമാകുന്നിടത്ത് പാതക്കിരുവശത്തും ഫലവൃക്ഷങ്ങളും പൂമരങ്ങളും വെച്ചുപിടിപ്പിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിശ്രമിക്കുന്നതിനുള്ള പുൽത്തകിടികളും െബഞ്ചും സ്ഥാപിക്കും. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ആദ്യ റീച്ച് പ്രവൃത്തി തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.