ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് പൊറുതിമുട്ടി കോടമ്പുഴ കോമക്കൽ താഴം നിവാസികൾ

ഫറോക്ക്: മദ്യപിച്ചും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ചും ഇതര സംസ്ഥാന തൊഴിലാളികൾ കാട്ടി കൂട്ടുന്ന പരാക്രമങ്ങൾക്കെതിരെ കോടമ്പുഴ കോമക്കൽ താഴം നിവാസികൾ ഫറോക്ക് പൊലീസിലും രാമനാട്ടുകര നഗരസഭ അധികൃതർക്കും പരാതി നൽകി. കോമക്കൽ താഴം പ്രദേശത്ത് ഷെഡുകളിൽ അനധികൃതമായി താമസിച്ച് ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മദ്യപിച്ച് അസമയത്തുള്ള വിളയാട്ടമാണ് പ്രദേശവാസികൾക്ക് ദുരിതം വിതക്കുന്നത്. ഗോഡൗണി​െൻറ മറവിൽ മിക്ക ഷെഡുകളിലും ഫാക്ടറികളാണ് പ്രവർത്തിക്കുന്നത്. നൂറു കണക്കിന് ഇത്തരം ഗോഡൗണുകളിലായി ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്താണ് ഇത്തരത്തിൽ അനധികൃത ഫാക്ടറികൾ പ്രവർത്തിക്കുന്നത്. വൈകുന്നേരമായാൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വിളയാട്ടമാണ് പ്രദേശത്ത് നടക്കുന്നത്. മദ്യപിച്ച് ബഹളംവെക്കുക, പരസ്പരം സംഘട്ടനത്തിൽ ഏർപ്പെടുക, അസഭ്യങ്ങൾ വിളിച്ചുപറയുക, സ്ത്രീകളും കുട്ടികളുമുള്ള വീടുകളിൽ കയറാൻ ശ്രമിക്കുക, ഒളിഞ്ഞുനോക്കുക, നഗ്നത പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ഭാഗത്ത് നിന്നും നിരന്തരമായി ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു കുട്ടം തൊഴിലാളികൾ മദ്യപിച്ച് പരസ്പരം അടിപിടി കൂടുകയും സംഘർഷമുണ്ടാക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കോമക്കൽ താഴം പ്രദേശത്ത് ഷെഡുകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ മൂന്നു പേരെ പ്രദേശവാസികൾ പിടിച്ച് പൊലീസിൽ ഏൽപിച്ചിരുന്നു. ഇക്കാര്യത്തിൽ നടപടി എടുക്കാനും സ്വസ്ഥമായി ജീവിക്കാനുള്ള അവസ്ഥ സൃഷ്ടിക്കാനുമാണ് പ്രദേശവാസികൾ പൊലീസിലും നഗരസഭക്കും പരാതി നൽകിയത്. ജില്ല കലക്ടർക്കു പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശത്തെ നിവാസികൾ. കമ്പനി ഉടമകളോട് ഒട്ടേറെ തവണ പരാതി പറഞ്ഞെങ്കിലും അവർ ഇതുവരെ ചെവികൊണ്ടിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കയറൂരി വിടുന്ന കമ്പനികൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുമെന്നും ഇതിനായി സംഘടിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.