ഉരുൾപൊട്ടലും പേമാരിയും: ഒലിച്ചുപോയത് ഹെക്​ടര്‍ കണക്കിന് കൃഷിഭൂമി

നാദാപുരം: വിലങ്ങാട് മലയോരത്തുണ്ടായ ഉരുള്‍പൊട്ടലിലും പേമാരിയിലും ദുരിതബാധിതരായ മുന്നൂറോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. കഴിഞ്ഞദിവസമാണ് വിലങ്ങാട് മലയോരത്തെ വിറപ്പിച്ച് ഏഴിടങ്ങളിലായി ഉരുള്‍പൊട്ടിയത്. കനത്ത മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും സർവതും വിട്ടോടിയ മലയോരവാസികളെ വിലങ്ങാട് ഫൊറോന പള്ളി പാരിഷ്ഹാൾ, പാനോം പാരിഷ് ഹാള്‍, പാലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍, അടുപ്പില്‍ കോളനി സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയത്. ഉടുമ്പിറങ്ങി മല, മലയങ്ങാട്, ആലിമൂല, അടിച്ചിപ്പാറ, പയനക്കൂട്ടം ആദിവാസി കോളനി എന്നിവിടങ്ങളിലുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. നാദാപുരം ഇയ്യങ്കോട് ക്യാമ്പിൽ 75 പേരാണ് താമസിക്കുന്നത്. വെള്ളിയാഴ്ച മലയോരത്ത് മഴക്ക് ശമനമുണ്ടായെങ്കിലും വീടുകള്‍ വാസയോഗ്യമല്ലാത്തതും ഉരുള്‍പൊട്ടല്‍ ഭീഷണി നില നില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. വലിയ പാനോം, വാളൂക്ക്, മലയങ്ങാട്, പാലൂര്‍, പന്ന്യേരി, അടിച്ചിപ്പാറ, വായാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇവിടങ്ങളിലെ ഹെക്ടര്‍ കണക്കിന് കാര്‍ഷിക വിളകളാണ് ഒലിച്ചുപോയത്. വിലങ്ങാട് ടൗണിനടുത്ത് പുഴ ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പ്ലാവ് അടക്കമുള്ള വന്‍ മരങ്ങളും കൃഷിഭൂമിയും ഒലിച്ച് പോവുകയുണ്ടായി. കൃഷിഭൂമിയില്‍ കൂടിയാണ് ഇപ്പോഴും പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന കുളവും മലവെള്ളപ്പാച്ചിലില്‍ പുഴയെടുത്തു. പുഴയോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങള്‍ മിക്കതും ഒഴുകിപ്പോയി. ഉരുള്‍പൊട്ടലില്‍ ഉരുട്ടിപ്പാലം അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇന്നലെ ചെറിയ വാഹനങ്ങള്‍ പൊലീസ് കാവലില്‍ കടത്തിവിട്ടു. വലിയ വാഹനങ്ങളും ബസും പാലത്തിന് അടുത്തുവരെയാണ് സര്‍വിസ് നടത്തുന്നത്. ഡോക്ടർമാരുടെയും ആരോഗ്യ വകുപ്പി​െൻറയും നേതൃത്വത്തില്‍ അധികൃതര്‍ ക്യാമ്പിലെത്തി പരിശോധന നടത്തി. നഷ്ടപരിഹാരം നൽകണം നാദാപുരം: ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്ക് മതിയായ നാശ നഷ്ടം നൽകണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളും വെൽഫെയർ പാർട്ടി നേതാക്കൾ സംന്ദർശിച്ചു. മണ്ഡലം പ്രസിഡൻറ് കളത്തിൽ അബ്ദുൽ ഹമീദ്, ജന. സെക്രട്ടറി ടി.കെ. മമ്മു എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. സീറ്റൊഴിവ് നാദാപുരം: എം.ഇ.ടി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകളില്‍ എസ്.സി.ഒ.ഇ.സി വിഭാഗത്തില്‍ ഒഴിവ്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം തിങ്കളാഴ്ച രാവിലെ 10 മുതൽ ഓഫിസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.