ഫാഷിസം എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും നിശ്ശബ്​ദരാക്കുന്നു ^ടീസ്​റ്റ സെറ്റൽവാദ്

ഫാഷിസം എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും നിശ്ശബ്ദരാക്കുന്നു -ടീസ്റ്റ സെറ്റൽവാദ് കോഴിക്കോട്: സമകാലിക ഫാഷിസ്റ്റ് ഭരണകൂടവും അതി​െൻറ പ്രയോക്താക്കളും എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും ശക്തിയില്ലാത്തവരും നിശ്ശബ്ദരുമാക്കുകയാണെന്ന് ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദ്. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിൽ 'എഴുത്തുകാരെ ഭയപ്പെടുത്തുമ്പോൾ' എന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ന് ഒറ്റക്കൊറ്റക്ക് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ മാത്രമാണ് ദൈനംദിന സംഭവങ്ങളെക്കുറിച്ച് എഴുതുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം കടുത്ത ഭീ‍ഷണി നേരിടുന്നു. പ്രധാനമന്ത്രി കോടിക്കണക്കിന് രൂപ ചെലവാക്കി വിദേശരാജ്യങ്ങളിൽ കറങ്ങുന്നു. ഇതെല്ലാം സാധാരണക്കാരുടെ നികുതിപ്പണമാണെന്ന് ആരും എഴുതുന്നില്ല. അന്വേഷണാത്മക പത്രപ്രവർത്തനവും തീരെ കുറവാണ്. വർഗീയവാദവും മതഭ്രാന്തും അധികാരകേന്ദ്രത്തി​െൻറ ആയുധമാവുന്നത് അപകടകരമാണ്. ആവിഷ്കാര, സാമൂഹിക, രാഷ്ട്രീയ സ്വാതന്ത്ര്യമാണ് നമ്മുടെ ഉത്കണ്ഠ വിഷയമെങ്കിൽ, പല ആശയങ്ങളോടും വിസമ്മതിക്കാൻ എത്രത്തോളം സാധിക്കുന്നുവെന്ന് പരിശോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഡോ. പി.കെ. പോക്കർ അധ്യക്ഷത വഹിച്ചു. തമിഴ് കവയിത്രി സൽമ, ഡോ. ഖദീജ മുംതാസ്, യു.കെ കുമാരൻ, ഇന്ദു മേനോൻ എന്നിവർ സംസാരിച്ചു. ആർ.ബി. ശ്രീകുമാർ എഴുതിയ 'ഗുജറാത്ത് തിരശ്ശീലക്കുപിന്നിൽ' എന്ന പുസ്തകം കെ.പി.യു. അലിക്ക് നൽകി ടീസ്റ്റ പ്രകാശനം ചെയ്തു. ഡോ. വി. അബ്ദുൽ ലത്തീഫ് സ്വാഗതവും എൻ.എസ്. സജിത്ത് നന്ദിയും പറഞ്ഞു. രാവിലെ നടന്ന 'ജനാധിപത്യത്തിലെ എഴുത്ത്' സെഷൻ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ശക്തിയില്ലായ്മയുടെ ഉദാഹരണമാണ് എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലത്ത് എഴുത്തുകാരെ ആളുകൾ ബഹുമാനിച്ചിരുന്നു. എന്നാൽ ഇന്ന് രാജ്യംപോലും എഴുത്തുകാരെ ശത്രുക്കളായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.എൻ.എം. സണ്ണി അധ്യക്ഷത വഹിച്ചു. ടി.ടി ശ്രീകുമാർ, പി.എൻ ഗോപീകൃഷ്ണൻ, എം. നന്ദകുമാർ, എം. സത്യൻ, അനിൽകുമാർ തിരുവോത്ത് എന്നിവർ സംസാരിച്ചു. കവിയരങ്ങും സംവാദവും സൽമ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറഡോണ, സിദ്ധാർഥൻ എന്തിനാണ് നാടുവിട്ടത് എന്നീ നാടകങ്ങൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.