ഉരുൾപൊട്ടൽ: ആനക്കാംപൊയിൽ മറിപ്പുഴയിൽ 11 കുടുംബങ്ങൾ ഒറ്റപ്പെട്ടു

പുല്ലൂരാംപാറ ഇലന്ത് കടവിൽ രാത്രിയുണ്ടായ മലവെള്ള പാച്ചിലിൽ വൻ ദുരന്തം ഒഴിവായി * 37 കുടുംബങ്ങളെ മാറ്റി * തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ 20 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ * തിരുവമ്പാടി ടൗൺ സ്തംഭിച്ചു തിരുവമ്പാടി: ആനക്കാംപൊയിൽ മറിപ്പുഴയിൽ ബുധനാഴ്ച അർധരാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കനത്ത നാശം. മറിപ്പുഴയിലെ പാലവും റോഡുകളും മലവെള്ളപാച്ചിലിൽ തകർന്നു. പാലം തകർന്നതിനാൽ 11 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പാലം അടിയന്തരമായി പുനർനിർമിച്ച് ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. പുല്ലൂരാംപാറ ഇലന്ത് കടവ് തുരുത്തിൽ 37 വീടുകളിൽനിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. 15 കുടുംബങ്ങളെ പുല്ലൂരാംപാറ സ​െൻറ് ജോസഫ് യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. വ്യാഴാഴ്‌ച പുലർച്ച രണ്ടു മണിയോടെയുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലിലാണ് ഇരുവഴിഞ്ഞി പുഴ ഗതിമാറി ഒഴുകി ഇലന്ത് കടവ് തുരുത്തിലെ വീടുകൾ വെള്ളത്തിൽ മുങ്ങിയത്. നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനം ആളപായം ഒഴിവാക്കി. ചില വീടുകളുടെ മേൽക്കൂര വരെ വെള്ളത്തിനടിയിലായി. വീടുകളിലെ ഫർണിച്ചറുകളും ടി.വി, ഫ്രിഡ്ജ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ നശിച്ചു. വളർത്തുമൃഗങ്ങൾ ചത്തു. ഇലന്ത് കടവിലെ റോഡും അപ്രോച്ച് റോഡി​െൻറ സംരക്ഷണ ഭിത്തിയും തകർന്നു. ഇലന്ത് കടവ് പൂവഞ്ചേരി അബ്ദുൽ കരീമി​െൻറ വീട്ടിലെ നാല് ആടുകൾ ഒഴുകിപോയി. കോണിൽ ബിജു, കോണിൽ ബൈജു, സന്തോഷ് പുതിയ വീട്ടിൽ, അഞ്ചു കണ്ടത്തിൽ മൂസ, അബ്ദുറസാഖ് മേച്ചേരി അഞ്ചു കണ്ടത്തിൽ അബ്ദുറഹ്മാൻ, ജോസ് കുന്നേൽ, താന്നിക്കൽ ബഷീർ, ജബാർ പൊന്നാംപറമ്പിൽ, നാസർ താന്നിക്കൽ ,ജോസ് ഇടമുള, പ്രജിറ്റ തട്ടാംപറമ്പിൽ തുടങ്ങിയവരുടെ വീടുകളിൽ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടമുണ്ടാക്കി. തയ്യിൽ സെബാസ്റ്റ്യ​െൻറ ബൈക്കും സ്കൂട്ടറും ഒഴുക്കിൽപ്പെട്ട് കാണാതായി. അലോഷ്യസ് ശൗര്യമാക്കലി​െൻറ വീട് താമസ യോഗ്യമല്ലാതായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മലവെള്ള പാച്ചിലിൽ തകർന്നു. തയ്യിൽ ചാക്കോച്ചന് വൻ കൃഷിനാശമുണ്ടായി. ഗോപി മുക്കത്ത്ചിറയുടെ വാടക സ്റ്റോറിലെ മൂന്നു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചു. പുല്ലൂരാംപാറ നെഹ്റു ലൈബ്രറി ഇലന്ത് കടവിലെ പുഴയോരത്ത് നിർമിച്ച പാർക്ക് ഒഴുകിപോയി. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞകടവിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മഞ്ഞക്കടവ് ജി.എൽ.പി സ്കൂളിലേക്കാണ് ഇവരെ മാറ്റിയത്. പെരുമ്പൂളയിയിൽ എട്ടു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. വെള്ളപൊക്കം മൂലം തിരുവമ്പാടി ടൗൺ ഒറ്റപ്പെട്ടു. ബസ്സ്റ്റാൻഡിലും റോഡുകളിലും വെള്ളം കയറിയതിനാൽ കടകളൊന്നും വ്യാഴാഴ്ച തുറന്നില്ല. മിക്ക കടകളിലേയും സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുലർച്ചെ തന്നെ മാറ്റിയിരുന്നു. തിരുവമ്പാടി - ഓമശ്ശേരി റോഡ്, തിരുവമ്പാടി - പുല്ലൂരാംപാറ റോഡ്, തിരുവമ്പാടി - അഗസ്ത്യമുഴി റോഡ് എന്നിവയിൽ വെള്ളം കയറിയതിനാൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. കോഴിക്കോടുനിന്ന് തിരുവമ്പാടിയിലേക്കുള്ള ബസുകൾ ഓമശ്ശേരി വരെയാണ് സർവിസ് നടത്തിയത്. മഴക്കെടുതി വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം പുല്ലൂരാംപാറ ഇലന്ത് കടവ്, കണ്ടപ്പൻ ചാൽ, മറിപ്പുഴ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ജോർജ് .എം.തോമസ് എം.എൽ.എ, കലക്ടർ യു.വി. ജോസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ എന്നിവർ സംഘത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.