ബേപ്പൂർ ബി.സി റോഡ് വീണ്ടും തകർന്നു

ബേപ്പൂർ: രണ്ടു മാസം മുമ്പ് റീടാറിങ് നടത്തിയ ബേപ്പൂർ ബി.സി റോഡ് കുണ്ടും കുഴിയുമായി. ദേശീയപാതയിൽനിന്ന് തുറമുഖത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡാണ് ബേപ്പൂർ-ചെറുവണ്ണൂർ (ബി.സി) റോഡ്. പൊതുമരാമത്ത് ഫണ്ടിൽനിന്ന് അനുവദിച്ച 94 ലക്ഷം രൂപ ചെലവിലാണ് കഴിഞ്ഞ മേയിൽ 2.8 കിലോമീറ്റർ നവീകരണ പ്രവൃത്തി നടത്തിയത്. എന്നാൽ, രണ്ടു മാസത്തിനകംതന്നെ ഇരുചക്രവാഹനങ്ങളടക്കം കുഴിയിൽ ചാടുന്നത് പതിവായി. റീടാറിങ് സമയത്ത് മെറ്റൽ മിശ്രിതം നിശ്ചിത അളവിലും ഉയരത്തിലും ചെയ്യാതെ കൃത്രിമം നടത്തുന്നുണ്ടെന്ന് ആരോപിച്ച് സമീപവാസികൾ രംഗത്തെത്തിയിരുന്നു. അന്ന് നാട്ടുകാരോട് സംസാരിച്ച പി.ഡബ്ല്യു.ഡി വനിത എൻജിനീയറുടെ വിശദീകരണം, ദൃശ്യങ്ങൾ സഹിതം മൊബൈൽ ഫോണിൽ പകർത്തുകയും അത് ഫേസ്ബുക്കിൽ അവിടെവെച്ചുതന്നെ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവിനെതിരെ നല്ലളം പൊലീസിൽ പി.ഡബ്ല്യു.ഡി വകുപ്പ് അധികൃതർ പരാതി നൽകിയിരുന്നു. 150 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ബി.സി റോഡ് നാലുവരിപ്പാതയാക്കാനുള്ള പദ്ധതി അടിയന്തര പരിഗണനയിലാണ്. ഇതുകാരണമാണ് 94 ലക്ഷം രൂപ ചെലവിൽ ഇപ്പോൾ ചെയ്ത റീടാറിങ് പ്രവൃത്തി കണിശത പാലിക്കാതെ പൂർത്തീകരിച്ചതെന്നാണ് അഭിപ്രായം. മത്സ്യബന്ധന ഹാർബറിൽനിന്നുള്ള വലിയ ലോറികളും തുറമുഖത്തുനിന്നുള്ള കണ്ടെയ്നറുകളുമടക്കം സഞ്ചരിക്കുന്ന പാതയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.